മയ്യിൽ:-സെപ്റ്റംബർ 29 ലോക ഹൃദയദിനത്തിന്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ഡ്രോൺ അക്കാദമി മയ്യിൽ, കർമ്മ അക്കാദമി, പവർ ക്രിക്കറ്റ് ക്ലബ്, യങ് ചാലഞ്ചേഴ്സ്, ശക്തി സ്പോർട്സ് ക്ലബ് വേളം, യങ് സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ടുചാൽ എന്നീ ക്ലബ്ബുകളുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
'ഹൃദയത്തിനായി ഒരു നടത്തം' എന്ന സന്ദേശം ഉയർത്തിക്കാട്ടി മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് മയ്യിൽ പട്ടണം ചുറ്റി സ്കൂൾ ഗ്രൗണ്ടിൽ തന്നെ സമാപിക്കുന്ന രീതിയിലായിരുന്നു റാലി ക്രമീകരിച്ചത്. ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് സി.കെ. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. റീജൺ ചെയർപേഴ്സൺ പി.കെ. നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും, ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
മുഖ്യാതിഥിയായ ഡോ. എസ്.പി. ജുനൈദ് ഹൃദയാരോഗ്യത്തെക്കുറിച്ച് സംസാരിച്ചു. എ.കെ. രാജ്മോഹൻ, പി. രാധാകൃഷ്ണൻ, മോഹനൻ കാരക്കീൽ, രാജേഷ് വേളം, ഒ.എം. അജിത്ത് മാസ്റ്റർ, കെ.പി. സുരേന്ദ്രൻ, സിസി ചന്ദ്രൻ, പി.പി. സജീഷ്, ടി.വി. രാധാകൃഷ്ണൻ നമ്പ്യാർ, പി. പ്രശാന്തൻ, ശിവരാമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പരിപാടിക്ക് ക്ലബ് സെക്രട്ടറി പി.കെ. ശശി നമ്പ്യാർ സ്വാഗതവും, ട്രഷറർ പി.പി. കൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ ക്ലബ്ബുകളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ 350-ലധികം ആളുകൾ റാലിയിൽ അണിനിരന്നു.
