ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം ; ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്, ജാഗ്രത വേണം


തിരുവനന്തപുരം :- ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി, വാട്‌സാപ് വഴി പണം തട്ടിയെടുക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.

ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിലൂടെയും പോസ്റ്റുകളിലൂടെയും മത്സര തീയതി, വേദി, നിരക്കുകൾ എന്നിവ നൽകി 'ടിക്കറ്റുകൾ ലഭ്യമാണ്' എന്ന രീതിയിൽ ആകർഷകമായ പരസ്യങ്ങൾ പങ്കുവെച്ചാണ് തട്ടിപ്പിന്റെ തുടക്കം. ബുക്കിങ്ങിനായി പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ തട്ടിപ്പുകാർ വാട്സാപ്പിൽ ബന്ധപ്പെടും. തുടർന്ന് പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനായി വ്യാജ ബുക്കിങ് ഫോമുകൾ അയച്ചു നൽകുകയാണ് ആദ്യ പടി.

ടിക്കറ്റ് റിസർവ് ചെയ്യാനെന്ന പേരിൽ തുടക്കത്തിൽ ചെറിയൊരു തുക അഡ്വാൻസായി കൈക്കലാക്കിയ ശേഷം, ടിക്കറ്റ് ബുക്ക് ചെയ്‌തതായി കാണിച്ച് വ്യാജ 'ഓർഡർ കൺഫർമേഷൻ' സന്ദേശം അയക്കും. ഇതിനുശേഷമാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. ജി.എസ്.ടി (GST), റീഫണ്ടബിൾ ചാർജ്, വെരിഫിക്കേഷൻ ഫീ, പ്രോസസിങ് ചാർജ് എന്നിങ്ങനെ വിവിധ പേരുകളിൽ കൂടുതൽ തുക ആവശ്യപ്പെടും. ഈ തുക പിന്നീട് തിരികെ നൽകുമെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് പണം വാങ്ങി കൂട്ടുന്നത്. തുടർന്നും 'ട്രാൻസാക്ഷൻ പ്രോസസിങ്', 'റീഫണ്ട് പെൻഡിങ്' തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കും. കൂടുതൽ പണം നൽകിയില്ലെങ്കിൽ ടിക്കറ്റും ആദ്യം അടച്ച തുകയും നഷ്ട‌പ്പെടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘം ആളുകളിൽ നിന്ന് വൻതുക കൈക്കലാക്കുന്നത്.

സൈബർ പൊലീസ് നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ

സമൂഹമാധ്യമങ്ങളിലെ ക്രിക്കറ്റ്/കായിക മത്സര ടിക്കറ്റ് പരസ്യങ്ങൾ കണ്ട് കണ്ണടച്ച് വിശ്വസിക്കരുത്. ടിക്കറ്റ് ലഭ്യതയും ബുക്കിങ് വിവരങ്ങളും ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴിയും സംഘാടകരുടെ അറിയിപ്പുകൾ വഴിയും മാത്രം ഉറപ്പുവരുത്തുക.  സോഷ്യൽ മീഡിയ പരസ്യങ്ങളിൽ കാണുന്ന വാട്സാപ് നമ്പറുകളിലേക്ക് നേരിട്ട് പണം അയക്കരുത്. ജി.എസ്.ടി, റീഫണ്ടബിൾ ചാർജ്, പ്രോസസിങ്/വെരിഫിക്കേഷൻ ഫീ എന്നീ പേരുകളിൽ പണം ആവശ്യപ്പെട്ടാൽ ജാഗ്രത പാലിക്കുക. ചെറിയ തുക നൽകിയ ശേഷം വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ വ്യക്തമായ സൂചനയാണ്. ബുക്കിങ് ഐഡിയോ ഓർഡർ കൺഫർമേഷനോ ലഭിച്ചതുകൊണ്ട് 9മാത്രം ടിക്കറ്റ് യഥാർഥമാണെന്ന് കരുതരുത്. ഒ.ടി.പി, യു.പി.ഐ പിൻ, ബാങ്ക്/കാർഡ് വിവരങ്ങൾ എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുത്. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ തട്ടിപ്പിന് ഒരു മണിക്കൂറിനകം (Golden Hour) ഇരയാവുകയോ ചെയ്‌താൽ, ആദ്യത്തെ തന്നെ വിവരം 1930 എന്ന ഹെൽപ്പ് ലൈൻ ๓๗ว https://cybercrime.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ സൈബർ പൊലീസിനെ അറിയിക്കേണ്ടതാണ്.

Previous Post Next Post