ജയിലിലെത്തിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ; ടോമിൻ ജെ തച്ചങ്കരി ആശുപത്രി ബ്ലോക്കിൽ


തിരുവനന്തപുരം :- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു. കഴിഞ്ഞദിവസം ജയിലിലെത്തിച്ചതിന് പിന്നാലെയാണ് ടോമിൻ ജെ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ ടോമിൻ ജെ. തച്ചങ്കരിയെ പരിശോധിക്കും. ഈ പരിശോധനയ്ക്ക് ശേഷമാകും ആശുപത്രിയിലേക്ക് മാറ്റണമോ അതോ ജയിലിലെ ചികിത്സ തുടർന്നാൽ മതിയോ എന്നതിൽ തീരുമാനമെടുക്കുക.

കേരളത്തിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് ടോമിൻ ജെ തച്ചങ്കരി. ഔദ്യോഗികപദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരേ കേസെടുത്തിരുന്നത്. ഔദ്യോഗികസ്ഥാനത്തിനിരിക്കെ 2003 മുതൽ 2007 വരെയുള്ള കാലയളവിനിടെ 64.70 ലക്ഷം രൂപയുടെ അനധികൃത 2. സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. 135 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴിഞ്ഞദിവസമാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ തച്ചങ്കരിയെ നാലുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. 30.84 ലക്ഷം രൂപ പിഴടയ്ക്കാനും ഉത്തരവിട്ടിരുന്നു. തുടർന്ന് പ്രതിയെ ജയിലിലേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാൽ, ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്നും കഴിഞ്ഞദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതായും തച്ചങ്കരി കോടതിയിൽ പറഞ്ഞു. ഇതോടെ ആവശ്യമെങ്കിൽ തച്ചങ്കരിക്ക് ചികിത്സ നൽകാനും കോടതി ജയിൽ സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം തന്നെ തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ 475/26 നമ്പർ തടവുകാരനാണ് ടോമിൻ ജെ തച്ചങ്കരി.

Previous Post Next Post