പരശുറാം എക്സ്പ്രസിന്റെ 16 അൺറിസർവ്ഡ് കോച്ചുകൾ ; പുതിയ കോച്ച് ഘടനയിൽ വ്യക്തതവരുത്തി റെയിൽവേ


തിരുവനന്തപുരം :- സെപ്റ്റംബർ 22 മുതൽ എൽഎച്ച്ബി (ലിങ്ക് ഹൊഫ്‌മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്ന പരശുറാം എക്സ്പ്രസിന്റെ പുതിയ കോച്ച് ഘടനയിൽ വ്യക്തതവരുത്തി റെയിൽവേ. എൽഎച്ച്ബിയിലേക്ക് മാറിയാലും പരശുറാം എക്‌സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ അടക്കം 16 അൺറിസർവ്ഡ് കോച്ചുകളുണ്ടാകുമെന്ന് റെയിൽവേ വ്യക്തമാക്കി.

പുതിയ കോച്ച് ഘടനയനുസരിച്ച് രണ്ട് എസി സിറ്റിങ് കോച്ചുകൾ, മൂന്ന് റിസർവ്ഡ് നോൺ എസി സിറ്റിങ്, 15 അൺറിസർവ്ഡ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് കം ല ഗേജ് ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കോച്ച് എന്നിവയാണ് പരശുറാം എക്സ്പ്രസിൽ ഉണ്ടാവുക. ആകെ കോച്ചുകളുടെ എണ്ണം 22 ആണ്.

ഐസിഎഫ് കോച്ചുകൾ ഉപേക്ഷിച്ച് സെപ്റ്റംബർ 22, 23 തീയതികളിലായാണ് പരശുറാം എക്‌‌സ്പ്രസ് പുതിയ എൽഎച്ച്ബി കോച്ചുകളുമായി സർവീസ് ആരംഭിക്കുന്നത്. മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി-മംഗളൂരൂ സെൻട്രൽ പരശുറാം എക്‌സ്പ്രസ്(16650) സെപ്റ്റംബർ 23 മുതലും എൽഎച്ച്ബി കോച്ചുകളുമായാകും സർവീസ് നടത്തുക.

Previous Post Next Post