മയ്യിൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (KSSPU) മയ്യിൽ വെസ്റ്റ് യൂണിറ്റിന്റെ കുടുംബസംഗമം മയ്യിൽ സാറ്റ്കോസ് ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് സി.സി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ടി. ശിവദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദിൽജിത്ത് എസ്. പ്രശാന്ത്, റൂർക്കി ഐ.ഐ.ടിയിൽ (IIT) നിന്ന് ഡോക്ടറേറ്റ് നേടിയ നവീൻ നാരായണൻ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (CUSAT) നിന്ന് ഡോക്ടറേറ്റ് നേടിയ സി.കെ. ജസ്‌ന എന്നീ യുവപ്രതിഭകളെ കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി ഇ. മുകുന്ദൻ അനുമോദിക്കുകയും മെമെന്റോ നൽകുകയും ചെയ്തു.
എം. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.വി. യശോദ ടീച്ചർ, സി. പത്മനാഭൻ, വി.വി. വിജയരാഘവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആദരവിന് നവീൻ നാരായണൻ മറുപടി പ്രസംഗം നടത്തി.യൂണിറ്റ് സാന്ത്വന വേദിയുടെ നിധിയിലേക്ക് പുതിയ അംഗമായ എം.വി. ജയപ്രസാദ് (കയരളം) നൽകിയ സംഭാവന കെ.വി. യശോദ ടീച്ചർ ഏറ്റുവാങ്ങി.
തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിന് യൂണിറ്റ് സെക്രട്ടറി പി.വി. രാജേന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.വി. വിജയൻ നന്ദിയും പറഞ്ഞു.

