കോഴിക്കോട് :- വടകരയിലെ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ കുറ്റാരോപിതയായ രണ്ടാമത്തെ അധ്യാപികയ്ക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കൗസർ എടപ്പകത്താണ് കേസിലെ മൂന്നാം പ്രതിയായ കാവ്യ(29)ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇതേ കേസിൽ പ്രതിയും അധ്യാപികയുമായ കീർത്തനയ്ക്കും നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 25-നാണ് കൊയിലാണ്ടി സ്വദേശിനിയായ കാവ്യയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്.
എംഡിഎംഎ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവതിക്ക് വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാലാം പ്രതി നീഷ്‌മ, അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരാണ് കേസിൽ നിലവിൽ കസ്റ്റഡിയിലുള്ള മറ്റ് പ്രതികൾ. ഇവരുടെ ജാമ്യാപേക്ഷയും വരും ദിവസങ്ങളിൽ കോടതി പരിഗണിക്കും. എം.ഡി.എം.എ. വിൽപനയും സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നത് വയനാട് സ്വദേശിയായ ഷിൻ്റോയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആറുമാസത്തിനിടെ ഏകദേശം ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലേക്ക് എത്തിയത്.
പിടികൂടിയ എംഡിഎംഎ വാണിജ്യ അളവിൽ ഇല്ലാത്തതിനാൽ എൻഡിപിഎസ് കേസ് നിലനിൽക്കില്ലെന്നതായിരുന്നു ജാമ്യാപേക്ഷയിലെ പ്രതിഭാഗം അഭിഭാഷകരുടെ പ്രധാന വാദം. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി ഇനി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കാവ്യയ്ക്ക് ജാമ്യം നൽകിയത്. അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്‌മ എന്നിവരെല്ലാം ജിജിലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. തുടർന്ന് ഈ തുക ജിജിലിൻ്റെ അക്കൗണ്ടിൽ നിന്ന് വയനാട് സ്വദേശിയായ ഷിന്റോയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇയാളും അധ്യാപികമാരും ലഹരി വിൽപ്പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പേരാമ്പ്ര ബിആർസിയിൽ താൽക്കാലിക സ്പെഷ്യലിസ്റ്റ് അധ്യാപികമാരായി ജോലി ചെയ്തിരുന്നവരായിരുന്നു ഇവർ മൂവരും. കേസിൽ പ്രതികളായതിനെത്തുടർന്ന് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകനായ എം പി പ്രിയേഷ് കുമാർ ഹാജരായി.
