കോഴിക്കോട് :- കാണാതായ സ്കൂൾ അധ്യാപികയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി കോഴിക്കോട് റൂറൽ പൊലീസ്. തൊട്ടിൽപാലം സ്വദേശിയും എൽ.പി സ്കൂൾ അധ്യാപികയുമായ അനുമോളെയാണ് ഈ മാസം അഞ്ചിന് കാണാതായത്. കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹർജി കോടതിയുടെ പരിഗണനയിലാണ്. തൊട്ടിൽപ്പാലം മൊയിലോത്തറ എൽപി സ്കൂൽ അധ്യാപികയായ അനുമോൾ ഈ മാസം അഞ്ചാം തീയതി രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ്. ജോലി കഴിഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയ അനുവിനെ പിന്നീട് കണ്ടിട്ടില്ല. കുടുംബം അന്ന് വൈകിട്ട് തന്നെ തൊട്ടിൽപാലം പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. എന്നാൽ പത്ത് ദിവസമായിട്ടും അനുമോൾ എവിടെയെന്നതിൽ യാതൊരു സൂചനയും കിട്ടിയിട്ടില്ല.
പത്തുവർഷങ്ങൾക്ക് മുമ്പ് ഗർഭിണിയായിരിക്കേ കരൾരോഗം ബാധിച്ച അനുമോൾക്ക് ഭർത്താവ് സുഭാഷായിരുന്നു കരൾ പകുത്ത് നൽകിയത്. അനുമോളുടെ ആരോഗ്യ പ്രശ്നങ്ങളും കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതിയും വ്യക്തമാക്കി ഉദാരമായ രീതിയിലായിരുന്നു സമൂഹം പ്രതികരിച്ചതും. കരൾ മാറ്റിവെച്ച ശേഷം ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെങ്കിലും നിത്യേന വിവിധ മരുന്നുകൾ കഴിക്കേണ്ടതുമുണ്ട്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് അനുവിനെ കണ്ടെത്താൻ ആവശ്യമായ നടപടികൾ ഉണ്ടാകണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അനുമോളെ കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി നാദാപുരം ഡിവൈഎസ്പി അറിയിച്ചു. കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹർജി ഈ മാസം 22ന് കോടതി പരിഗണിക്കും.
