വീട്ടിലേക്കൊരു ഓട്ടോ: കുറ്റ്യാട്ടൂരിൽ ഒമ്പതാമത്തെ റോഡിന് കുറ്റിയടിച്ചു; 18 കുടുംബങ്ങൾക്ക് വഴി സ്വപ്നം സഫലമായി

​കുറ്റ്യാട്ടൂർ: ജനകീയ പങ്കാളിത്തത്തോടെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 'കരുതൽ - വീട്ടിലേക്കൊരു ഓട്ടോ' പദ്ധതിയിൽ ഒമ്പതാമത്തെ റോഡിൻ്റെ കുറ്റിയടി കർമ്മം നടന്നു. പദ്ധതിയിലൂടെ 16-ാം വാർഡ് കൂപ്പയിലെ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനാംഗം ഇന്ദിരയുടെ കുടുംബത്തിനാണ് സ്വന്തം വീട്ടിലേക്ക് ഒരു ചെറുവാഹനം എത്തുന്ന രീതിയിൽ വഴി സൗകര്യമൊരുങ്ങിയത്.

​നാട്ടുകാരായ തച്ചുകുന്നുമ്മൽ കോമളവല്ലി, തണ്ടയൻ ഭാസ്‌കരൻ, പി.പി. സ്‌മിത എന്നിവർ സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണ് റോഡ് നിർമ്മിക്കുന്നത്. തങ്ങളുടെ ഭൂമി വിട്ടുനൽകാൻ മനസ്സുകാട്ടിയ ഈ കുടുംബത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.ടി. ഷബ്ന പൊന്നാട അണിയിച്ച് ആദരിച്ചു.

​ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ, വൈസ് പ്രസിഡൻ്റ് എം.വി. സുശീല, പഞ്ചായത്തംഗങ്ങളായ ടി. രാജൻ, കെ. അച്ചുതൻ, കെ.കെ. ഗോപാലൻ, പി. ശ്രീധരൻ, കെ.വി. പ്രതീഷ്, ഹരിതകർമ്മ സേനാംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

​'വീട്ടിലേക്കൊരു ഓട്ടോ' പദ്ധതിയുടെ ഒമ്പതാം ഘട്ടം പൂർത്തിയായതോടെ പഞ്ചായത്തിലെ 18 കുടുംബങ്ങൾക്കാണ് റോഡെന്ന പതിറ്റാണ്ടുകളുടെ സ്വപ്നം സഫലമായത്.

Previous Post Next Post