ഗുരുവായൂർ ഏകാദശി നവംബർ 21 ന് ; വിളക്കാഘോഷങ്ങൾക്ക് നാളെ തുടക്കമാകും


തൃശ്ശൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായ വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ വഴിപാടായി 30 ദിവസവും ചുറ്റുവിളക്കുണ്ടാവും. പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടേ വക ചുറ്റുവിളക്കോടെയാണ് വിളക്കാഘോഷങ്ങളുടെ തുടക്കം. തുടർന്നുള്ള ദിവസങ്ങളിൽ മർച്ചന്റ്സ് അസോസിയേഷൻ, ഗുരുവായൂർ പോലീസ്, നീതിവിളക്ക്, പോസ്റ്റൽ വിളക്ക് തുടങ്ങിയവരുടെ വിളക്കുകളാണ്. അവസാനദിവസങ്ങളിൽ പുരാതന തറവാട്ടുകാരുടെ വക വിളക്കാഘോഷമാണ്.

രാത്രി വിളക്കഴുന്നള്ളിപ്പിന് നറുനെയ്യ് ഉപയോഗിച്ച് തെളിയിക്കുന്ന വിളക്കുകളാണ് ഏറെയും. വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാൽ ഇടയ്ക്കവാദ്യം, നാഗസ്വരം, മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ എന്നിവയുണ്ടാകും. ഏകാദശിയോടനുബന്ധിച്ചുള്ള പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം നവംബർ ആറിനാണ്. ഏഴിന് രാവിലെയാണ് സംഗീതാർച്ചനകൾ ആരംഭിക്കുക. ദിവസവും വൈകിട്ട് ആറുമുതൽ 9 വരെ വിശേഷാൽക്കച്ചേരികളുണ്ടാവും. നവംബർ 21നാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഏകാദശിദിവസം ഗുരുവായൂർ ദേവസ്വത്തിന്റെ വകയാണ് ചുറ്റുവിളക്കാഘോഷം.

Previous Post Next Post