കുട്ടികൾ വണ്ടിയെടുത്താൽ പിടിവീഴും ; കണ്ണൂർ റേഞ്ചിൽ പോലീസിന്റെ വ്യാപക പരിശോധന, ഇന്നലെ നടത്തിയ പരിശോധനയിൽ 51 കേസുകൾ


കണ്ണൂർ :- പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിലെ പോലീസ് ജില്ലയിൽ ഒക്ടോബർ 27 ന് നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ കാർത്തിക്ക് IPS ന്റെ പ്രത്യേക നിർദേശപ്രകാരമാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ കോഴിക്കോട് റൂറലിൽ (14) റിപ്പോർട്ട് ചെയ്തു. കാസർഗോഡ് ജില്ലയിൽ 13 കേസുകളും കണ്ണൂർ സിറ്റിയിൽ 12, കണ്ണൂർ റൂറൽ 6, കോഴിക്കോട് സിറ്റി 5, വയനാട് 1 കേസും കണ്ടെത്തി.

പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന ആർ.സി ഉടമകൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.

Previous Post Next Post