തിരുവനന്തപുരം :- സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 6199 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒക്ടോബർ 13 രാവിലെ 7 മണി മുതൽ 17 രാവിലെ 7 മണി വരെയുള്ള കാലയളവിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. ക്രമസമാധാന പരിപാലന വിഭാഗം എ ഡി ജി പി പി വിജയന്റെ നിർദ്ദേശപ്രകാരം സോൺ ഐജിമാർ, റെയ്ഞ്ച് ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് വിവിധ യൂണിറ്റുകളെ സംഘടിപ്പിച്ച് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളം റൂറലിലാണ്- 710 കേസുകൾ. തിരുവനന്തപുരം റൂറലിൽ 497 ഉം കോട്ടയത്ത് 456 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തതത് കാസർഗോഡ് ജില്ലയിലാണ്, 75 കേസുകൾ. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്നും എ ഡി ജി പി പി വിജയൻ അറിയിച്ചു.
