കണ്ണാടിപ്പറമ്പ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ പണ്ഡിതശ്രേഷ്ഠൻ ശൈഖുനാ പി.പി. ഉമർ മുസ്ലിയാർ കൊയ്യോടിന് കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകുന്നു.
ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് മുൻ പിടിഎ പ്രസിഡന്റും നിലവിൽ സ്ഥാപനത്തിന്റെ മുഖ്യ രക്ഷാധികാരിയുമായ ഉമർ മുസ്ലിയാർക്ക് ദാറുൽ ഹസനാത്ത് കുടുംബവുമായി അഭേദ്യമായ ബന്ധമാണുള്ളത്.
നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ വെച്ചാണ് വർണാഭമായ സ്വീകരണ സമ്മേളനം നടക്കുന്നത്. സ്ഥാപന സമുച്ചയങ്ങളുടെ കാർമികത്വത്തിൽ സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് ദാറുൽ ഹസനാത്തിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മുഴുവൻ അഭ്യുദയകാംക്ഷികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സയ്യിദ് അസ്ലം തങ്ങൾ അൽമശ്ഹൂർ, സയ്യിദ് അലി ബാ അലവി തങ്ങൾ ,അബ്ദു റഹ്മാൻ കല്ലായി, അബ്ദുൽ കരീം ചേലേരി, അള്ളാംകുളം മഹ്മൂദ്, മുഹമ്മദ് ബ്നു ആദം തുടങ്ങി പ്രമുഖർ സംബന്ധിക്കും
