ഏഷ്യൻ ഗെയിംസ് സ്വർണ്ണനേട്ടങ്ങൾക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ


ന്യൂഡൽഹി :- ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ തീരുമാന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യയെ സ്വർണ മെഡലിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക പ്രഖ്യാപനം. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുണ്ടെങ്കിലും താരം ടീമിൽ തുടർന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വർഷങ്ങളുടെ ഓർമകളും വികാരങ്ങളും നിറഞ്ഞതാണ് തന്റെ ക്യാപ്റ്റൻസി കാലയളവെന്ന് ഹർമൻപ്രീത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. "ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനും വേണ്ടി ഞാൻ എന്റെ സർവവും നൽകിയിട്ടുണ്ട്. എന്റെ വിയർപ്പും സമയവും, പലപ്പോഴും എന്റെ വ്യക്തിപരമായ നേട്ടങ്ങളും. ടീമിനെ മുന്നിൽ നിർത്താൻ വേണ്ടി പലപ്പോഴും എന്റെ സ്വന്തം ആഗ്രഹങ്ങളും ഞാൻ മാറ്റിവെച്ചിട്ടുണ്ട്." എന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പ്രതിസന്ധി ഘട്ടങ്ങളെയും വിമർശനങ്ങളെയും നേരിട്ടതിനൊപ്പം രാജ്യത്തെ വിജയത്തിലേക്ക് നയിക്കാനായതിൻ്റെ അഭിമാനവും അവർ പങ്കുവെച്ചു. ടീം നിലവിൽ ശക്തമായ ഒരു അവസ്ഥയിലാണെന്നും, യുവതാരങ്ങൾക്ക് വളരാൻ അനുയോജ്യമായ സമയമാണിതെന്നും വ്യക്തമാക്കിയ ഹർമൻപ്രീത്, സമാധാനത്തോടെയാണ് താൻ ക്യാപ്റ്റൻസി പദവി ഒഴിയുന്നതെന്നും കൂട്ടിച്ചേർത്തു. ബിസിസിഐയ്ക്കും, സഹതാരങ്ങൾക്കും, പരിശീലകർക്കും, ഒപ്പം തനിക്ക് പിന്തുണ നൽകിയ എല്ലാ ആരാധകർക്കും അവർ നന്ദി അറിയിച്ചു.

ക്യാപ്റ്റൻസി അവസാനിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റിനോടുള്ള തന്റെ സ്നേഹം എക്കാലത്തുമുണ്ടാകുമെന്നും 'കളിയോടുള്ള സ്നേഹത്തിനായി മാത്രം ഇനി കളിക്കുമെന്നും' വ്യക്തമാക്കി കൊണ്ടാണ് ഹർമൻപ്രീത് തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Previous Post Next Post