കൊളച്ചേരി: കൊളച്ചേരി എ.യു.പി. സ്കൂളിൽ ഡിജിറ്റൽ പഠനരംഗത്ത് പുതിയൊരു നാഴികക്കല്ലായി ‘ഡിജിറ്റൽ സ്ക്വയർ’ (Digital Square) പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
ഐ.ടി കോ-ഓർഡിനേറ്റർ സഹീർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് താരാമണി ടീച്ചർ സ്വാഗതം പറഞ്ഞു. കൈറ്റ് (KITE) കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ സുരേന്ദ്രൻ അടുത്തില പദ്ധതി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും സാങ്കേതിക അറിവുകൾ പ്രായോഗികതലത്തിൽ കൂടുതൽ വിപുലീകരിക്കാനും ഇത്തരം ഡിജിറ്റൽ സംരംഭങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ സജ്ജീകരിച്ച ലാബിൽ വിദ്യാർത്ഥികൾക്കായുള്ള ഡിജിറ്റൽ പ്രവർത്തനങ്ങളും പരിശീലനങ്ങളും നടന്നു. ലാപ്ടോപ്പുകൾ ഉപയോഗിച്ച് ചിത്രരചന, ഗെയിമുകൾ, വിവിധ ആപ്ലിക്കേഷനുകൾ എന്നിവ പരിചയപ്പെടുന്നതിൽ കുട്ടികൾ ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയും പങ്കെടുത്തു. അധ്യാപകരുടെയും സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തിൽ കുട്ടികൾ ലാപ്ടോപ്പുകളിൽ തങ്ങളുടെ ഡിജിറ്റൽ പാഠങ്ങൾ പരീക്ഷിച്ചറിഞ്ഞു.
