കൊളച്ചേരി :- പുതുക്കി പണിത് മൂന്ന് വർഷം മാത്രമായ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പഴയ ഗ്രാമസേവക് ഓഫീസ് (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്) കെട്ടിടം ശരിയായ പരിപാലനമില്ലാത്തതു മൂലം കാടുമൂടിയ അവസ്ഥയിലാണ് .
പാമ്പുകളുടെയും തെരുവുനായകളുടെയും താവളമായി മാറിയിരിക്കുകയാണ് ഈ കെട്ടിടം. ഇതുവഴി യാത്ര ചെയ്യുന്ന കാൽനടയാത്രക്കാർക്കും സമീപവാസികൾക്കും ഇത് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്.
ഈ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഒരു പൊതു ലൈബ്രറിയോ വയോജന കേന്ദ്രമോ (പകൽവീട്) ആക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൃത്യമായ നടപടികൾ സ്വീകരിച്ചാൽ കെട്ടിടം വീണ്ടും പൊതുജനങ്ങൾക്കായി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് തവിടാട്ടുചാൽ റോഡ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വേണുഗോപാൽ പറഞ്ഞു.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ഉപയോഗശൂന്യമായി നശിച്ചുപോകുന്നത് ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് തവിടാട്ടുചാൽ റോഡ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്കുള്ളത്.





