ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം ; കപ്പലിന്റെ എഞ്ചിൻ റൂമിന് തീപിടിച്ചു


ടെഹ്റാൻ :- ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം. 27 ഇന്ത്യൻ ജീവനക്കാരുമായി പോയ 'എംടി ലൂയിസ് 1' എന്ന പനാമ ക്രൂഡ് ഓയിൽ ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച‌ നടന്ന ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 27 ഇന്ത്യൻ നാവികരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഹോർമുസിൽ പ്രവേശിച്ച എണ്ണക്കപ്പലിന്റെ അടിഭാഗത്ത് ചെറിയ ബോട്ടിലെത്തിയ സംഘം രണ്ട് ലിക്കറ്റ് മൈനുകൾ ഒട്ടിച്ചുവയ്ക്കുകയായിരുന്നു.

സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുകയും ചെയ്തു‌. ജീവനക്കാർ ഉടൻ തീയണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കടലിൽ എണ്ണച്ചോർച്ചയോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ ഉണ്ടായിട്ടില്ലെന്നും കപ്പൽ യാത്ര തുടർന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒമാന്റെ ഖസബിൽ നിന്ന് 46 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് കപ്പലിന് നേരെ ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ വ്യക്തമാക്കി. ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഈ തന്ത്രപ്രധാനമായ കടൽപ്പാതയിൽ ആദ്യമായാണ് ലിംപറ്റ് മൈനുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.

കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യൻ പൗരന്മാരുമായി സഞ്ചരിച്ച ലൈബീരിയൻ പതാക ഘടിപ്പിച്ച 'എംടി അർസാന' എന്ന ക്രൂഡ് ഓയിൽ കപ്പലിന് നേരെയും പ്രൊജക്സൈൽ ആക്രമണം ഉണ്ടായിരുന്നു. ആക്രമണം നടന്ന രണ്ട് കപ്പലുകളിലുമായി ഉള്ള 29 ഇന്ത്യൻ നാവികരും പൂർണ്ണ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോണോവാൾ സ്ഥിരീകരിച്ചു. സർക്കാർ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

Previous Post Next Post