ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം ഇന്ന് ബന്ധുക്കൾക്ക് കൈമാറും

 


കണ്ണൂർ:-ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ഇരിക്കൂർ പടിയൂർ സ്വദേശിനി വി ദേവികയുടെ (22) ചിതാഭസ്മം വെള്ളി രാവിലെ 9ന് പടിയൂരിലെ വീട്ടിലെത്തി എംഎല്‍എ അഡ്വ. സജീവ് ജോസഫ് കുടുംബത്തിന് കൈമാറും.

ജപ്പാനിൽ നിന്ന് ഇന്ന് പുലര്‍ച്ചെ 2.30 ഓടെ വിമാന മാർഗം തിരുവനന്തപുരത്ത് എത്തിച്ച ചിതാഭസ്മം നോർക്ക റൂട്ട്സ് അധികൃതർ ഏറ്റുവാങ്ങി ട്രെയിന്‍ മാര്‍ഗ്ഗമാണ് കണ്ണൂരിൽ എത്തിച്ചത്.

ദേവികയുടെ മൃതശരീരം നാട്ടിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജപ്പാന്‍ പ്രതിനിധി അനില്‍ രാജ്, നിഹോണ്‍ കൈരളി സംഘടന പ്രതിനിധി അജയ് പീതാംബരന്‍ എന്നിവരുടെ സഹായത്തോടെ ജപ്പാനില്‍ സംസ്കരിച്ചിരുന്നു.

ജപ്പാനിലെ ഇന്ത്യൻ എംബസിയുമായും മലയാളി സമൂഹവുമായും ബന്ധപ്പെട്ട്  സംസ്കാര ചടങ്ങുകൾ നടത്തുന്നതിനും ചിതാഭസ്മം നാട്ടിൽ എത്തിക്കുന്നതിനും ഇവർ സഹായം നൽകി.

മൃതദേഹം സംസ്കരിക്കുന്നതിനും ചിതാഭസ്മം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനും തുടര്‍ നടപടികളുടെ ഏകോപനത്തിനും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നോര്‍ക്ക റൂട്ട്സാണ് നേതൃത്വം നല്‍കിയത്.

Previous Post Next Post