കണ്ണൂരിൽ സമസ്ത ജില്ലാ കാര്യാലയത്തിന് നേരെ ആക്രമണം ; ആക്രമണമുണ്ടായത് SKSSF യോഗത്തിനിടെ

 


കണ്ണൂർ :- കണ്ണൂരിലെ സമസ്ത ജില്ലാ കാര്യാലയമായ ഇസ്‌ലാമിക് സെന്ററിന് നേരെ ആക്രമണം. ജില്ലാ ആസ്ഥാനത്ത് വെച്ച് SKSSF മട്ടന്നൂർ മേഖല കൗൺസിൽ യോഗം ചേരുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ഓഫിസിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടത്. അക്രമികൾ ഓഫിസിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും നേതാക്കളെ കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതിയുണ്ട്.

സംഭവത്തിന് പിന്നിൽ പ്രാദേശിക മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളാണെന്ന് SKSSF നേതൃത്വം ആരോപിച്ചു. യോഗം സമാധാനപരമായി നടക്കുന്നതിനിടെ യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ, മട്ടന്നൂർ നഗരസഭ മുസ്‌ലിം ലീഗ് കൗൺസിലർ വി.എൻ. മുഹമ്മദ്‌, യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി ത്വാഹ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ഇസ്സുദ്ധീൻ കണ്ണൂർ സിറ്റി, കണ്ണൂർ മണ്ഡലം സെക്രട്ടറി സിറാജ് ബക്കളം എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഹാളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്നാണ് പരാതി.

ഓഫിസിന്റെ ഗേറ്റ് ബലപ്രയോഗത്തിലൂടെ തള്ളിത്തുറന്നാണ് സംഘം അകത്തുകടന്നതെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിംഗ്‌ സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം, ജില്ലാ സെക്രട്ടറി ഇസ്സുദ്ധീൻ പൊതുവാച്ചേരി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തതായും പ്രവർത്തകർ ആരോപിക്കുന്നു.

കൗൺസിൽ അംഗങ്ങൾ പോലുമല്ലാത്ത ലീഗ്, യൂത്ത് ലീഗ് നേതാക്കൾ എന്തിനാണ് യോഗത്തിലേക്ക് അതിക്രമിച്ചു കയറിയതെന്നും ഓഫിസ് ആക്രമിച്ചതെന്നും വ്യക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ഷബീർ എടയന്നൂർ നൽകിയ പ്രകോപനപരമായ സന്ദേശങ്ങളും ആഹ്വാനങ്ങളുമാണെന്നും ഇവർ ആരോപിക്കുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

Previous Post Next Post