ബ്യൂണസ് ഐറിസ് :- ഫുട്ബോളിൽ മെസി കീഴടക്കാത്ത ഉയരങ്ങളില്ല. ഇപ്പോഴിതാ, ശാസ്ത്രമേഖലയിൽ നിന്ന് ഒരു രസകരമായ വാർത്ത വരുന്നു. മെസിയോടുള്ള ആദരസൂചകമായി പുതുതായി കണ്ടെത്തിയ ഒരു സസ്യത്തിന് ശാസ്ത്രലോകം അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. സാൽവിയ മെസ്സി എന്നാണ് ഈ ചെടിക്ക് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. പെറുവിലെ ആൻഡീസ് പർവത നിരകളിൽ നിന്നാണ് ഈ അപൂർവയിനം സസ്യത്തെ കണ്ടെത്തിയത്. പെറുവിലെയും അർജൻ്റീനയിലെയും ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
സസ്യശാസ്ത്ര ജേണലായ ഫൈറ്റോടാക്സയുടെ ഒക്ടോബർ പതിപ്പിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചെടിയുടെ പൂക്കൾക്ക് അർജൻ്റീന ദേശീയ ഫുട്ബോൾ ടീമിന്റെ ജഴ്സിയുടെ നിറമായ ഇളം നീലയും വെള്ളയും നിറങ്ങളാണുള്ളത്. ചെടിയുടെ പേരിന്റെ അവസാനം മെസി എന്ന് ചേർത്തിരിക്കുന്നത് വ്യക്തികളോടുള്ള ആദരസൂചകമായി ജീവിവർഗങ്ങൾക്ക് പേരിടുന്ന അന്താരാഷ്ട്ര സസ്യശാസ്ത്ര നാമകരണ നയങ്ങളും ചട്ടങ്ങളും പാലിച്ചാണ്. തുളസി, പുതിന തുടങ്ങിയ ഉൾപ്പെടുന്ന ലാമിയോസി സസ്യവിഭാഗത്തിലാണ് ഇത് വരുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥ വ്യതിയാനവും കാരണം ഇതൊരു വംശനാശ ഭീഷണി നേരിടുന്ന സസ്യവിഭാഗമായി തരംതിരിച്ചിരിക്കുന്നു.
