കാസർഗോഡ് :- ദേശീയപാതയിൽ ഒരേ സമയം നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കാസർഗോഡ് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കല്ലങ്കൈയിയിലാണ് ഇന്ന് പുലർച്ചെ 2:30ന് തുടർച്ചയായി അപകടങ്ങൾ ഉണ്ടായത്. ഹൈവേയിലൂടെ പോവുകയായിരുന്ന കാർ സൈഡിൽ ഇടിച്ചു. പുറകിൽ ഉണ്ടായിരുന്ന ലോറി കാറിലും അതിൻ്റെ പുറകിൽ ഉണ്ടായിരുന്ന മൂകാംബികയിലേക്ക് പോകുകയായിരുന്ന ബസ് ലോറിയിലും ഇടിച്ചു. ഇടിയിൽ കാറിന്റെ ചില്ലുകൾ തകർന്നു. ഈ വഴി തന്നെ പോവുകയായിരുന്ന ഇരു ചക്ര വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനാൽ നിയന്ത്രണം വിട്ട് ചില്ലുകളിലേക്ക് മറിയുകയും യാത്രക്കാരനായ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ഉടൻ തന്നെ ഫയർഫോഴ്സെത്തി പൊട്ടിയ ചില്ലുകൾ റോഡ് സൈഡിലേക്ക് നീക്കം ചെയ്തു. ഇടിച്ച ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് ബസ്സിന്റെ മുൻവശ വാതിലിലൂടെ പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ അഗ്നിരക്ഷാ സേനയുടെ ഏണി വെച്ചു എമർജൻസി ഡോറിലൂടെ സുരക്ഷിതമായി താഴേക്കിറക്കുകയായിരുന്നു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂർ ഓഫീസർ സുകു വർഗീസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വൈശാഖ് എം എ, സിറാജ്ജുദ്ധീൻ പി സി, രമേശ്, പ്രണവ്, ഹരി കുമാർ, ഒക്കെ പ്രജിത്, അനന്ദു ജെ, ഹോം ഗാർഡുമാരായ രാജേന്ദ്രൻ എ, സുഭാഷ് സി വി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നാട്ടുകാരും ഓടികൂടിയിരുന്നു.

