മലബാറിലെ രാത്രികാല യാത്രാദുരിതത്തിന് ആശ്വാസമാകുന്നു ; ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിൻ ഇനി കാസർഗോഡേക്ക് നീട്ടുന്നു


കണ്ണൂർ :- മലബാർ മേഖലയിലേക്കുള്ള രാത്രികാല യാത്രാദുരിതത്തിന് അറുതിയാകുന്നു. മധ്യകേരളത്തിൽ നിന്ന് കാസർഗോഡ് ഉൾപ്പെടെയുള്ള വടക്കൻ മലബാർ മേഖലകളിലേക്കുള്ള റെയിൽവേ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ഒടുവിൽ അംഗീകാരം. ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തിവന്നിരുന്ന ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് കാസർഗോഡേക്ക് നീട്ടാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു.

എറണാകുളം, തൃശൂർ, കോഴിക്കോട് ഭാഗങ്ങളിൽനിന്ന് രാത്രികാലങ്ങളിൽ കണ്ണൂരിനപ്പുറത്തേക്ക് കൃത്യമായ ട്രെയിൻ സൗകര്യമില്ലാതെ ദുരിതത്തിലായിരുന്ന ആയിരക്കണക്കിന് യാത്രക്കാക്ക് തീരുമാനം ആശ്വാസമാകും. വൈകീട്ട് 3:50-ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5:08ന് എറണാകുളം ജങ്ഷനിലും 5:23ന് എറണാകുളം ടൗണിലുമെത്തി രാത്രി 10:22ഓടെ കോഴിക്കോട് എത്തിച്ചേരും.

എന്നാൽ, രാത്രി 12:10ഓടെ കണ്ണൂരിൽ സർവീസ് അവസാനിപ്പിച്ചിരുന്നതിനാൽ പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രികർ അർധരാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസുകളെ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. സർവീസ് കാസർകോട്ടേക്ക് ദീർഘിപ്പിക്കുന്നതോടെ കണ്ണൂരിനും കാസർകോടിനും ഇടയിലുള്ള പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിൻ നിർത്തും. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിൽ ആവശ്യമായ സാങ്കേതിക പരിശോധനകളും സമയക്രമീകരണ നടപടികളും പൂർത്തിയാക്കിയ ശേഷമാകും കാസർകോട്ടേക്കുള്ള സർവീസ് ഔദ്യോഗികമായി ആരംഭിക്കുക.

Previous Post Next Post