രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു ; സംഘത്തിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്ക്, രാഹുൽ ഗാന്ധി സുരക്ഷിതൻ


ലഖ്നൗ :- ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. രാഹുൽ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചെന്നാണ് വിവരം. പുർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകീർത്തി കേസിൽ നേരിട്ട് ഹാജരാകാനായി സുൽത്താൻപൂരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയിലേക്ക് പോവുകയായിരുന്നു രാഹുൽ ഗാന്ധി. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല. എന്നാൽ സംഘത്തിലുണ്ടായിരുന്ന നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം.

കോടതിയിൽ ഹാജരാകാനായി ഇന്ന് രാവിലെയാണ് ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി എത്തിയത്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും പാർട്ടി നേതാക്കളും ഇവിടെ തടിച്ചുകൂടിയിരുന്നു. ഇവിടെ നിന്ന് സുൽത്താൻപൂരിലേക്ക് രാഹുൽ ഗാന്ധിയുമായി പോയ വാഹനത്തിന് പിന്നിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുവെന്നാണ് വിവരം. അപകടത്തെ തുടർന്ന് റോഡരികിൽ നിർത്തിയ രാഹുൽ ഗാന്ധിയുടെ വാഹനം പിന്നീട് യാത്ര തുടർന്നു.

Previous Post Next Post