കൊച്ചി :- വിവാദങ്ങൾക്കിടെ പുന:സംഘടിപ്പിച്ച വഖഫ് ബോർഡിന്റെ ആദ്യ സമ്പൂർണ യോഗം കൊച്ചിയിലെ ആസ്ഥാനത്ത് ചേർന്നു. എപി സമസ്തയുടെ പ്രതിനിധിയെ ഉൾപ്പെടുത്താനായി അംഗത്വം ഒഴിയാമെന്ന് സന്നദ്ധത അറിയിച്ച ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ഇന്നത്തെ യോഗത്തിനെത്തി. രാജിക്കാര്യം സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് തൊടിയൂർ മൗലവി പ്രതികരിച്ചു.
എംസി മായിൻ ഹാജിയെ അധ്യക്ഷനാക്കി യുഡിഎഫ് സർക്കാർ പുന:സംഘടിപ്പിച്ച വഖഫ് ബോർഡിൻ്റെ ആദ്യ സിറ്റിങ് കൊച്ചിയിലെ ആസ്ഥാനത്ത് രാവിലെ പതിനൊന്നിന് തുടങ്ങി. ഭരണപരമായ തീരുമാനങ്ങൾ മാത്രമായിരുന്നു യോ ഗത്തിന്റെ അജണ്ട. എൽഡിഎഫ് സർക്കാർ നിയോഗിച്ച കെഎസ് ഹംസ ചെയർമാനായ ബോർഡിൻ്റെ കാലാവധി വർഷങ്ങൾ ബാക്കി നിൽക്കെയാണ് യുഡിഎഫ് സർക്കാർ പുന:സംഘടിപ്പിച്ചത്. എന്നാൽ, കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എപി സമസ്തക്ക് പ്രാതിനിധ്യം നൽകിയില്ല. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ലീഗ് മന്ത്രിമാരും ചെയർമാൻ എംസി മായിൻ ഹാജിയും നേരിട്ട് അനുനയത്തിന് ഇറങ്ങി.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വഖഫ് ബോർഡ് അംഗത്വം ഒഴിയുമെന്നും പകരം എപി വിഭാഗത്തിൻ്റെ പ്രതിനിധിയെ ഉൾപ്പെടുത്താമെന്നുമായിരുന്നു സമവായം. എന്നാൽ, ആരാകും എപി സമസതയുടെ പ്രതിനിധിയെന്ന് അന്തിമ തീരുമാനമായിട്ടില്ല. അതിനിടെ, വഖഫ് ബോർഡ് പുന:സംഘടക്ക് രാഷ്ട്രീയ മുഖം നൽകിയതിൽ പിഡിപി ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചു.
