ശിവമോഗ :- കർണാടകത്തിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജംബൂ സവാരിക്കിടെ ആനയിടഞ്ഞു. ശിവമോഗ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവുമായി പോവുകയായിരുന്ന 'സോമണ്ണ' എന്ന ആന ആണ് ഇടഞ്ഞോടിയത്. ഒരു മണിക്കൂറോളം ആന ഭീതി പരത്തി. ഒടുവിൽ മൃഗഡോക്ടർമാർ മയക്കുവെടി വെച്ചാണ് ആനയെ തളച്ചത്. രണ്ട് കാറുകൾക്ക് ആന കേടുപാട് വരുത്തി. പാപ്പാന് പരിക്കേറ്റിട്ടുണ്ട്.
ഘോഷയാത്രയുടെ തുടക്കത്തിൽ വളരെ ചിട്ടയോടെയാണ് സോമണ്ണ മുന്നോട്ട് പോയത്. കോട്ടേ റോഡിലെ ജെയിൻ ഭവൻ വരെ അമ്പാരി (ആനയുടെ മുതുകിൽ വെച്ചുകെട്ടുന്ന ചതുരക്കൂട്) വഹിച്ച് സോമണ്ണ ശാന്തനായിരുന്നു. മുന്നിൽ സാഗർ എന്ന ആനയും പിന്നിൽ ബഹദൂർ എന്ന ആനയും അകമ്പടിയുണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും വടം കെട്ടി സുരക്ഷയൊരുക്കിയിരുന്നു.
ആനകളുടെ സ്ഥാനത്തിൽ വരുത്തിയ ചെറിയൊരു മാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മുന്നിലുണ്ടായിരുന്ന സാഗറിനെ വനം വകുപ്പ് പിന്നിലേക്ക് മാറ്റുകയും അമ്പാരി വഹിച്ചിരുന്ന സോമണ്ണയെ മുന്നിലേക്ക് കൊണ്ടുവരികയും ചെയ്തു. നിമിഷങ്ങൾക്കകം ജനക്കൂട്ടത്തെ കണ്ട് ഭയന്ന സോമണ്ണ, പോകേണ്ട വഴിയിൽ നിന്ന് തിരിഞ്ഞോടുകയായിരുന്നു. ചെറിയ ഇടവഴികളിലേക്ക് ഓടിയ ആന, പിന്നാലെ കൂടുതൽ അക്രമാസക്തനായി. അമ്പാരി താഴെയിടാൻ ശ്രമിക്കുകയും കാറുകൾക്ക് കേടുപാട് വരുത്തി.
സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയതോടെ മൃഗഡോക്ടർമാർ ആനയെ മയക്കുവെടി വെച്ചു. പിന്നീട് ബഹദൂർ എന്ന ആനയെ ഉപയോഗിച്ച് സോമണ്ണയെ തളച്ചു. പാപ്പാൻമാരും മറ്റ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ വിഗ്രഹവവും അമ്പാരിയും താഴെയിറക്കി. തുടർന്ന് ചങ്ങലയിട്ട ശേഷം ആനയെ ജില്ലാ കേന്ദ്രത്തിലെ ടെന്റിലേക്ക് മാറ്റി. വൈകാതെ തന്നെ ആന പൂർണമായും ശാന്തനായി. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാന് പരിക്കേറ്റിട്ടുണ്ട്. സംഭവം പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
