കണ്ണൂർ: -വർണ്ണ ദീപങ്ങളും നൃത്ത സംഗീത പരിപാടികളും ഒരുക്കിക്കൊണ്ട് പത്തുനാൾ നീണ്ടുനിൽക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ പ്രൗഢോജ്വല തുടക്കമായി. ദസറയുടെ ഔപചാരിക ഉദ്ഘാടനം മേയർ പി. ഇന്ദിര ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. ടി.ഒ. മോഹനൻ എം.എൽ.എ. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കണ്ണൂരിലെ ജനങ്ങളെ ഒന്നിച്ചു കൂട്ടുന്നതാണ് കണ്ണൂർ ദസറയെന്ന് മേയർ പി. ഇന്ദിര അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. തിന്മകളെ എതിർക്കൽ ഓരോ പൗരന്റെയും ധർമ്മമാണെന്നും, അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ടി.ഒ. മോഹനൻ എം.എൽ.എ. ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ വിശിഷ്ടാതിഥിയായ ചടങ്ങിൽ സിനിമ താരം സന്തോഷ് കീഴാറ്റൂർ സെലിബ്രിറ്റി ഗസ്റ്റ് ആയി പങ്കെടുത്തു. സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐ.പി.എസ്., അസിസ്റ്റന്റ് കലക്ടർ എസ്. സ്വാതി ഐ.എസ്., വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ മുഖ്യാതിഥികളായി. ചടങ്ങിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പി.പി. കൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.വി. പുരുഷോത്തമൻ, അഡ്വ. അബ്ദുൽ കരീം ചേലേരി, കെ.കെ. വിനോദ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കോർപ്പറേഷൻ സെക്രട്ടറി രാഹേഷ് കുമാർ നന്ദി പറഞ്ഞു.
ആദ്യദിന കലാവിരുന്നുകൾ:
ഉദ്ഘാടനച്ചടങ്ങിന് ശേഷം റിനിത നിശാന്ത് അവതരിപ്പിച്ച ശാസ്ത്രീയ സംഗീതം, ഉമാശങ്കരം ടീമിന്റെ തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, കൃഷ്ണനൃത്തം, ഭരതനാട്യം, കൈകൊട്ടിക്കളി എന്നിവ അരങ്ങേറൂം . തുടർന്ന് പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കർ നയിച്ച 'ഹരിശങ്കർ ലൈവ്' മെഗാ മ്യൂസിക്കൽ നൈറ്റോടെ ആദ്യദിന പരിപാടികൾക്ക് സമാപനമാകും.
