കുറ്റ്യാട്ടൂർ :- ശുചിത്വവും സൗന്ദര്യവും ഉറപ്പാക്കിക്കൊണ്ട് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ ചട്ടുകപ്പാറ ടൗണിനെ ബീക്കൺ ടൗണായി പ്രഖ്യാപിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനവും പ്രഖ്യാപനവും നടത്തി. നിർമ്മലം- പുതുയുഗ ശുചിത്വ കേരളം ശുചിത്വ റാലിയും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുശീല എം.വി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.രാജൻ, കെ.അച്യുതൻ സി.കെ പ്രദീപൻ, എം.ഇന്ദിര, കെ.പി നാരായണൻ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള സ്വാഗതവ് ചടങ്ങിന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിത്യരശ്മി എ.പി നന്ദിയും പറഞ്ഞു.
ബീക്കൺ ടൗൺ, സ്വച്ഛതാ ഹി സേവ, കയ്യോട് കൈ ക്യാമ്പയിനുകളുടെ ഭാഗമായി ബേസ് ലൈൻ സർവ്വേ നടത്തുകയും സർവ്വേയിൽ കണ്ടെത്തിയ അടിയന്തരമായി പരിഹരിക്കേണ്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് പ്രത്യേക യോഗം വിളിച്ചു ചേർക്കുകയും രണ്ട് തവണകളിലായി ടൗൺ മെഗാ ശുചീകരണം നടത്തുകയും ചെയ്തു. ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കൂടുതൽ ചെടികൾ നട്ടുപിടിപ്പിക്കുകയും ബിന്ന് സ്ഥാപിക്കുകയും, അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൃത്യമായി കൈമാറുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തോട് അനുബന്ധിച്ച് വെള്ളുവയൽ ചട്ടുകപ്പാറ പാതയിൽ ശുചിത്വ റാലി സംഘടിപ്പിച്ചു.



