ഹാർട്ട് അറ്റാക്ക് കൂടുന്നു ; ഭക്ഷണത്തിലെ ഉപ്പ് നിയന്ത്രിക്കാനുള്ള നിർദ്ദേശവുമായി കർണാടക സർക്കാർ, ഹോട്ടലുകൾക്ക് കർശന നിർദ്ദേശം


ബെംഗളൂരു :- ഭക്ഷണത്തിലെ ഉപ്പുപയോഗം കർശനമായി നിയന്ത്രിക്കാൻ കടുത്ത മാർഗനിർദേശങ്ങളുമായി കർണാടക സർക്കാർ. അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് രക്തസമ്മർദ്ദത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്നു എന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങൾക്കും ഹോട്ടലുകൾക്കും സ്കൂ‌ളുകൾക്കും പാക്കറ്റ് ഫുഡ് നിർമാതാക്കൾക്കും മുന്നിൽ ആരോഗ്യ വകുപ്പ് നിബന്ധനകൾ വച്ചിരിക്കുന്നത്. രുചി കൂട്ടാൻ ഇത്തിരി ഉപ്പ് കൂടി. പക്ഷെ ആ ഇത്തിരി ഇന്ന് നമ്മളെ എത്തിക്കുന്നത് വലിയ രോഗങ്ങളിലേക്കാണെന്നാണ് കർണാടക ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ടത് 5 ഗ്രാമിൽ താഴെ ഉപ്പ് മാത്രമാണ്. എന്നാൽ ഇന്ന് പലരും ഇതിന്റെ ഇരട്ടിയിലധികമാണ് ഉപയോഗിക്കുന്നത്. ഈ അമിത ഉപയോഗത്തിന് തടയിടാനാണ് കർണാടക സർക്കാരിൻ്റെ പുതിയ നീക്കം.

ഇനി പൊതുജനങ്ങൾക്ക് മുന്നിൽ സർക്കാർ വച്ചിരിക്കുന്ന നിർദേശങ്ങൾ പരിശോധിക്കാം. അച്ചാർ, ചമ്മന്തി, വറുത്ത പലഹാരങ്ങൾ എന്നിവ ഉണ്ടാക്കുമ്പോൾ ഉപ്പ് പരമാവധി കുറയ്ക്കുക. ഭക്ഷണം രുചിച്ചു നോക്കുന്നതിന് മുൻപ് ഉപ്പ് വിതറുന്ന ശീലം ഒഴിവാക്കുക. റെഡി-ടു-ഈറ്റ്, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ, പ്രോസസ്‌ഡ് ഫുഡ്‌സ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ അതിലെ സോഡിയത്തിന്റെ അളവ് ലേബൽ നോക്കി ഉറപ്പുവരുത്തുക. കുട്ടിക്കാലം മുതൽക്കേ ഉപ്പ് കുറച്ച് കഴിക്കുന്ന ശീലം മാതാപിതാക്കൾ കുട്ടികളിൽ വളർത്തിയെടുക്കണം.

കർണാടകത്തിലെ ഹോട്ടലുകൾക്ക് മുന്നിലും വച്ചിട്ടുണ്ട് സർക്കാർ കടുത്ത നിബന്ധനകൾ. ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും ഡൈനിംഗ് ടേബിളിൽ നിന്ന് ഉപ്പ് കുപ്പികൾ മാറ്റാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. തീർന്നില്ല, ഹോട്ടലുകളിൽ ഉപ്പ് കുറഞ്ഞ ആരോഗ്യഭക്ഷണങ്ങൾ പ്രത്യേകമായി മെനുവിൽ ഉൾപ്പെടുത്തണം. ഉപ്പ് കുറയ്ക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കണം. കുട്ടികളുടെ ആരോഗ്യം മുൻനിർത്തി സ്കൂ‌ളുകളിലും കോളേജുകളിലും നിയന്ത്രണം കർശനമാക്കും. ക്യാൻ്റീനുകളിലെ ഭക്ഷണത്തിൽ ഉപ്പിൻ്റെ അളവ് കുറയ്ക്കും. ഉപ്പ് നിർമാതാക്കൾക്കുമുണ്ട് സർക്കാരിന്റെ മാർഗനിർദേശം. ലോ-സോഡിയം അല്ലെങ്കിൽ അയോഡൈസ്ഡ് ലോ-സോഡിയം ഉപ്പുകൾ നിർമിക്കാൻ ശ്രദ്ധിക്കണമെന്നും FSSAI മാനദണ്ഡങ്ങൾ പാലിക്കണമെന്നുമാണ് കർണാടക ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.

Previous Post Next Post