സംസ്ഥാന കായിക ദിനം: മയ്യിലിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

 


​കണ്ണൂർ: സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. യങ് ചലഞ്ചേഴ്സ് മയ്യിൽ, യങ് സ്റ്റാർ കവിളിയോട്ടുചാൽ എന്നിവയുടെ സഹകരണത്തോടെ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലായിരുന്നു മത്സരം.

​കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. പി. കെ. ജഗന്നാഥൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. യങ് ചലഞ്ചേഴ്സ് ക്ലബ് പ്രസിഡന്റ് എം. വി. കുഞ്ഞിരാമൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യാതിഥിയായിരുന്നു.

​ആവേശകരമായ മത്സരത്തിൽ റെഡ് സ്റ്റാർ കണ്ണൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി യങ് ചലഞ്ചേഴ്സ് മയ്യിൽ വിജയികളായി.

​മുൻ സന്തോഷ് ട്രോഫി താരം പി. ശശി, ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജേഷ്, കണ്ണൂർ വെറ്ററൻസ് ഫുട്ബോൾ ഫോറം ജോയിന്റ് സെക്രട്ടറി കെ. ചന്ദ്രൻ, മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് സി. കെ. പ്രേമരാജൻ, യങ് ചലഞ്ചേഴ്സ് ക്ലബ് സെക്രട്ടറി എ. കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

​ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി സ്വാഗതവും യങ് സ്റ്റാർ ക്ലബ് പ്രസിഡന്റ് കെ. സജിത്ത് നന്ദിയും പറഞ്ഞു.

Previous Post Next Post