ടിവി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടുത്തത്തിൽ വീടിന് നാശനഷ്ടം


കോഴിക്കോട് :- ടിവി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ വീടിന് നാശനഷ്ടം. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. തുറയൂരിലെ പയ്യോളി എരുവോട്ട് വയലിൽ താമസിക്കുന്ന മീനാക്ഷിയുടെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്. മീനാക്ഷി തനിച്ചാണ് ഈ വീട്ടിൽ താമസിക്കുന്നത്. വൈകീട്ട് നാലോടെ ടിവിയുടെ സ്വിച്ച് ഓൺ ചെയ്‌തപ്പോൾ പുക ഉയരുകയായിരുന്നു. ഉടൻ തന്നെ ഓഫ് ചെയ്ത‌്‌ പിൻ ഊരിമാറ്റി. 

സമീപത്ത് താമസിക്കുന്നവരെ വിളിച്ച് വിവരം പറയുമ്പോഴേക്കും രണ്ട് തവണ വലിയ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തീ പടരുകയും ചെയ്തു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തുമ്പോഴേക്കും നാട്ടുകാർ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ വീടിന്റെ ചുമരുകളിൽ വിള്ളൽ വീണ നിലയിലാണ്. മറ്റ് സാധനസാമഗ്രികൾ ഉപയോഗിക്കാനാകാത്ത വിധം നശിച്ചിട്ടുണ്ട്. ടിവി പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

Previous Post Next Post