തിരുവനന്തപുരം :- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കൂടുതൽ കേസുകളിൽ വിജിലൻസിന്റെ പുനപരിശോധന. നേരത്തെ അവസാനിപ്പിച്ച ചില കേസുകളാണ് വിജിലൻസ് പുനപരിശോധിക്കുന്നത്. കെ എസ് ടി പി അഴിമതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസുകളിലെ പുനപരിശോധന നടക്കുകയാണ്. മുൻ മന്ത്രി കെ എം മുനീറിനെതിരെ മുമ്പ് അന്വേഷണം നടന്ന കേസുകളിൽ ഉൾപ്പെടെയാണ് പരിശോധന. അഴിമതി കേസുകളിലെ അന്വേഷണം ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് അവസാനിപ്പിച്ചിരുന്നു.
പതിബെൽ പ്രോജക്ട് മാനേജറുടെ ആത്മഹത്യയിലേക്ക് നയിച്ച കേസ് അന്വേഷിച്ചത് തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റാണ്. ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്തെ ഈ കേസുമായി ബന്ധപ്പെട്ടാണ് സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ കെ എസ് ടി പി പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ അന്ന് വിജിലൻസ് അന്വേഷിച്ചിരുന്നു. മലബാർ മേഖലയിൽ അന്വേഷിച്ച ആ കേസുകളെല്ലാം വിജിലൻസ് നേരത്തെ തീർപ്പാക്കിയതാണ്. എന്നാൽ ഈ കേസുകളിലും ഗ്യാനേഷ് കുമാറിനെതിരായ മൊഴികൾ പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാനാണ് കോഴിക്കോട്, തിരുവനന്തപുരം എസ് പി മാർക്ക് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നൽകിയ നിർദേശം. മൂന്ന് ദിവസത്തിനകം പരിശോധന റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർ നിർദേശിച്ചു. അതിനു ശേഷമായിരിക്കും പുനരന്വേഷണം സംബന്ധിച്ച് വിജിലൻസ് തീരുമാനം.
രാജ്യം ശ്രദ്ധിക്കുന്ന അന്വേഷണത്തിനാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. കെപിസിസി നിർവ്വാഹക സമിതി അംഗത്തിൻെറ പരാതിയിൽ തുടർ നടപടിയെടുക്കാൻ രമേശ് ചെന്നിത്തല നിർദ്ദേശിച്ച ഫയൽ വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരിക്കുകയാണ്. 2007ൽ തീർപ്പാക്കിയ ഫയൽ വീണ്ടും തുറക്കുമ്പോൾ വിജിലൻസിന് മുന്നിൽ കടമ്പകളേറെയാണ്. പതിബെൽ കമ്പനിയുടെ പ്രോജക്ട് ഡയറക്ടർ ലീ സീ ബിൻ ജീവനൊടുക്കുന്നതിലേക്ക് നയിച്ച അഴിമതിയിലാണ് അന്വേഷണം. മരണത്തെ കുറിച്ച് വിജിലൻസിന് അന്വേഷിക്കാൻ പരിമിതിയുണ്ട്. അഴിമതിയിൽ മാത്രമാണ് അന്വേഷണം. ഗ്യാനേഷിനെതിരെ തെളിവുകൾ ലഭിച്ചില്ലെന്ന് എഴുതി അടച്ച ഫയലാണ് തുറക്കുന്നത്.
അന്നത്തെ മൊഴികൾ വിജിലൻസ് പരിശോധിക്കും. പൊതുഭരണ- ധനവകുപ്പുകളിലെയും കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും മൊഴികളുണ്ട്. പതിബല്ലിന്റെ പ്രതിനിധികളുടെ മൊഴിയും ഉണ്ട്. ലീസിബെൻ അഴിമതി ചൂണ്ടികാട്ടി എഴുതിയതായി പറയുന്ന കുറിപ്പ് വിജിലൻസ് ഉദ്യോഗസ്ഥർ വായിച്ചിട്ടില്ല. ഈ കത്ത് ലഭിക്കാൻ വി എസ് സർക്കാരിൻ്റെ കാലത്ത് ശ്രമം നടത്തിയെങ്കിലും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചില്ലെന്നാണ് വിവരം. പക്ഷെ ബില്ലുകൾ മാറുന്നതിലെ കാലതാമസത്തെ കുറിച്ച് പതിബെൽ കമ്പനിയിലെ പ്രതിനിധികൾ മൊഴിയിൽ പറയുന്നുണ്ട്.
സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടി പിഡബ്ള്യുഡി ഉദ്യോഗസ്ഥർ ആ ആരോപണങ്ങളെ മറികടന്നിട്ടുമുണ്ട്. മുമ്പ് മൊഴി നൽകിയ എല്ലാവരെയുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിലായിരിക്കും അന്വേഷണത്തിൻെറ തുടക്കം. അതേസമയം ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടിവരുമെന്നാണ് വിജിലൻസ് കണക്കുകൂട്ടൽ. 20 വർഷമെന്ന കാലയളവ് ഡിജിപിയുടെ നിയമോപദേശം. എന്നാൽ പുനരന്വേഷണത്തിന് തടസമല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷമേ കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂ.
