തിരുവനന്തപുരം :- കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടിയിലും യൂണിറ്റിന് പത്തു രൂപയ്ക്ക് താഴെയുള്ള ഹ്രസ്വകാല കരാറുകൾക്ക് പോലും റഗുലേറ്ററി കമ്മീഷൻ അനുമതി നൽകാത്തതിൽ കെഎസ്ഇബിക്കുള്ളിൽ വിമർശനം. കൂടിയ വിലയ്ക്കുള്ള വൈദ്യുതി വാങ്ങൽ കെഎസ്ഇബിയെ സാമ്പത്തികമായി തകർക്കുമെന്നാണ് ഇന്നലത്തെ ഉത്തരവിൽ കമ്മീഷൻ മുന്നറിയിപ്പ്. നവംബർ മുതൽ ഏപ്രിൽ വരെ 2050 മെഗാവാട്ടിൻ്റെ ഹ്രസ്വകാല കരാറുകൾക്കാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാൽ റഗുലേറ്ററി കമ്മീഷൻ 1035 മെഗാവാട്ടിനും അനുമതി നിഷേധിച്ചു.
പുലർച്ചെ 12 മുതൽ രാവിലെ 8 വരെയും പീക്ക് അവർ സമയത്തെയും കരാറുകൾക്കാണ് അനുമതി തേടിയത്. ഇതിൽ ഓഫ് പീക്ക് സമയത്ത് യൂണിറ്റിന് 7.25 രൂപയ്ക്കുള്ള വൈദ്യുതി വാങ്ങാൻ പോലും അനുമതി നൽകിയില്ലെന്നാണ് കെഎസ്ഇബിയിലെ പരാതി. മാർച്ചിലും ഏപ്രിലിലും യൂണിറ്റിന് 13.89 രൂപയ്ക്ക് പീക്ക് അവറിൽ വൈദ്യുതി വാങ്ങാനാനുള്ള കെഎസ്ഇബി നീക്കത്തിനും കമ്മീഷൻ തടയിട്ടു. ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം പത്തു ശതമാനം വരെ കുറയ്ക്കാമെന്നാണ് ഉത്തരവിലെ കമ്മീഷന്റെ നിരീക്ഷത്തിന് ഉൾപ്പെടെ ബോർഡിൽ വിമർശനമുണ്ട്.
അതേ സമയം നിലിവലെ പ്രതിസന്ധി പരിഗണിച്ചു മാത്രമാണ് അനുമതിയെന്നും ഇതൊരു കീഴ് വഴക്കമല്ലെന്നും വ്യക്തമാക്കി കൊണ്ടുമാണ് 1015 മെഗാവാട്ട് വാങ്ങാനുള്ള കമ്മീഷൻ്റെ ഉത്തരവ്. അനുമതിയില്ലാതെ ഓഫ് പീക്ക് സമയങ്ങളിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണെന്ന് വിമർശിച്ചു. ഇത് കെഎസ്ഇബിയ്ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടാക്കും. നടപ്പു വർഷത്തെ ഹ്രസ്വകാല കരാറുകളുണ്ടാക്കുന്ന ബാധ്യത കുറയ്ക്കാനുള്ള നടപടികൾ ഇതുവരെ കെഎസ്ഇബി നിർദ്ദേശിച്ചിട്ടില്ല. ബസ് പദ്ധതികൾ സമയത്ത് തീരാത്തതിൽ വിമർശനവും ആവർത്തിച്ചു.
ശൈത്യകാലമായതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഓഫ് പീക്ക് സമയങ്ങളിൽ വൈദ്യുതി കിട്ടാം. കേന്ദ്രത്തിൽ നിന്ന് 150 മെഗാവാട്ട് അധികം വൈദ്യുതി മേയ് വരെ നീട്ടാനും മറ്റു സംസ്ഥാനങ്ങളുമായി ബാങ്കിങ് കരാറുകൾക്കും ശ്രമിക്കണം. സിന്നാർ തെർമൽ പദ്ധതിയിൽ ഡിസംബർ മുതൽ വൈദ്യുതി കിട്ടാം. വേനൽക്കാലത്തേയ്ക്ക് വെള്ളം കരുതാൻ വേണ്ടി മാത്രമെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹ്രസ്വകാല കരാറുകൾക്ക് കമ്മീഷൻ അനുമതി നൽകിയത്.
