ഭൂട്ടാനിൽ ഹിമതടാകം പൊട്ടിത്തെറിച്ച് പ്രളയം ; വിനോദസഞ്ചാര കേന്ദ്രം ഒലിച്ചുപോയി, ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം


ഹിമാലയൻ രാജ്യമായ ഭൂട്ടാനിൽ ഹിമാനിയിൽ രൂപപ്പെട്ട തടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വൻ മിന്നൽപ്രളയം. ഷിന്താഫു (Shintaphu) ഹിമതടാകം പൊട്ടിയൊഴുകിയതോടെ ഭൂട്ടാനിലെ ഗാസ ജില്ലയിലെ പ്രശസ് വിനോദസഞ്ചാര കേന്ദ്രമായ ഗാസ ത്ഷാച്ചു (Gasa Tshachu) പ്രകൃതിദത്ത ചൂടുനീരുറവയിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഒലിച്ചുപോയതായി റിപ്പോർട്ട്. ഒക്ടോബർ 29 വ്യാഴാഴ്‌ച രാത്രിയുണ്ടായ സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രളയത്തിന് മുമ്പുതന്നെ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

റോഡും പാലങ്ങളും ഒലിച്ച് പോയി 

തടാകത്തിൽനിന്നുള്ള വെള്ളം ശക്തമായ കുത്തൊഴുക്കോടെ മോ ചു (Mo Chhu) നദിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. രാത്രിയിലെ ഇരുട്ടും ശക്തമായ ജലപ്രവാഹവും കാരണം നാശനഷ്‌ടങ്ങളുടെ പൂർണവിവരം ഉടൻ ലഭ്യമായിട്ടില്ല. രണ്ട് ബെയ്ല‌ി പാലങ്ങളും ഒഴുകിപ്പോയിരിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ലായ ഗ്രാമത്തിലേക്കുള്ള റോഡിൻ്റെ ഒരു ഭാഗവും തകർന്നതോടെ ഗതാഗതം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. പുനാഖ-ഗാസ ദേശീയപാതയിലും വൻനാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ. ചരിത്രപ്രസിദ്ധമായ പുനാഖ ദ്സോങും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചു.

ഇന്ത്യയിലും ബംഗാളിലും ജാഗ്രതാ നിർദ്ദേശം

പ്രളയസാധ്യത കണക്കിലെടുത്ത് ഇന്ത്യയിലെ പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബംഗാളിലെ ഡാർജിലിങ്, അലിപുർദ്വാർ, ജൽപായ്ഗുരി ജില്ലകളും അസമിലെ ധുബ്രിയും അപകടസാധ്യതയുള്ള മേഖലകളായി അധികൃതർ പ്രഖ്യാപിച്ചു. സങ്കോഷ് നദിയുടെ തീരപ്രദേശങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശം നൽകി.

Previous Post Next Post