ഏഷ്യൻ പാരാഗെയിംസിൽ വീൽചെയർ ബാഡ്‌മിന്റണിൽ ചരിത്രമെഡൽ നേടി മലയാളി താരം


നയോഗ ആച്ചി :- ഏഷ്യൻ പാരാഗെയിംസിൽ വീൽചെയർ ബാഡ്‌മിന്റണിൽ ചരിത്രമെഡൽ നേടി മലയാളി താരം ആൽഫിയ ജെയിംസ്. വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ ആൽഫിയ ജെയിംസും പല്ലവി കലുഷെഹല്ലിയും അടങ്ങിയ സഖ്യം വെങ്കലം നേടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ വീൽചെയർ ബാഡ്മിന്റണിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ലഭിക്കുന്ന മെഡലാണിത്. ആൽഫിയ ജെയിംസ്-പല്ലവി സഖ്യം സെമിയിൽ ചൈനീസ് സഖ്യമായ ‌സു ടിങ്റ്റിങ് - യാങ് ഫാൻ സഖ്യത്തോട് പരാജയപ്പെട്ടെങ്കിലും, (3-21, 9-21) സെമിയിലെത്തിയതോടെ തന്നെ ഇന്ത്യ വെങ്കല മെഡൽ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് മത്സരത്തിൽ ചൈനയുടെ ലി ജിയാക്വി -ലി ഹോങ്യാൻ സഖ്യത്തെ മറികടന്നാണ് ഇരുവരും സെമിയിലെത്തിയത്.

ചരിത്ര മെഡലിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് ആൽഫിയ ജെയിംസ് പറഞ്ഞു. ദൈവം തന്ന രണ്ടാം ജന്മമാണിത്. കെട്ടിടത്തിൽ നിന്ന് വീണപ്പോൾ ജീവിതം അവസാനിച്ചു എന്ന് കരുതി. വലിയ നേട്ടത്തിനായി ജീവിതം തിരിച്ചുകിട്ടി എന്ന വിശ്വാസം ആണ് മുന്നോട്ടുനയിച്ചതെന്നും ആൽഫിയ പറഞ്ഞു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് നൽകിയ പരിഗണന ഏഷ്യൻ പാര ഗെയിംസ് മെഡൽ ജേതാക്കൾക്കും നൽകണമെന്നൊരു അഭ്യർത്ഥന സർക്കാരിനോട് ഉണ്ടെന്നും മുഖ്യമന്ത്രിയെ കാണുക എന്നത് വലിയ ആഗ്രഹമാണെന്നും ആൽഫിയ പറഞ്ഞു. കായികമന്ത്രിയും വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആൽഫിയ വ്യക്തമാക്കി.

ബാസ്കറ്റ്ബോൾ കോർട്ടിൽ മിന്നും താരമായി നിൽക്കുമ്പോഴാണ് പതിനേഴാം വയസിൽ ആൽഫിയയെ തോൽപിക്കാൻ വിധി ശ്രമിക്കുന്നത്. നാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ ആൽഫിയയുടെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. കാലുകളുടെ ചലനശേഷി നഷ്ട‌മായി. പക്ഷേ തോറ്റു കൊടുക്കാനായിരുന്നില്ല ആൽഫിയയുടെ തീരുമാനം. വീൽചെയറുമായി ആൽഫിയ നേരെ കയറി ചെന്നത് ജിമ്മിലേക്കായിരുന്നു. അവരുടെ പ്രോൽസാഹനത്തിൽ പവർ ലിഫ്റ്റിങ് മൽസരരംഗത്തേക്ക്. വീൽ ചെയർ കാറ്റ ഗറിയിലും ഓപ്പൺ കാറ്റഗറിയിലും മെഡലും നേടി. പാരാലിംപിക്‌സ് പോലുള്ള വലിയ വേദികളിൽ മൽസരിക്കണമെന്ന മോഹമാണ് ആൽഫിയയെ ബാഡ്‌മിന്റൺ കോർട്ടിലെത്തിച്ചത്. ആദ്യവർഷം തന്നെ വീൽചെയർ ബാഡ്‌മിൻ്റണിൽ ദേശീയ ചാംപ്യനെ അട്ടിമറിച്ച് കിരീടം. തുടർച്ചയായി രണ്ട് തവണ ദേശീയ ചാംപ്യനായി.

Previous Post Next Post