CPIM മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ.പി സഹദേവൻ അന്തരിച്ചു


കണ്ണൂർ :- CITU വിന്റെയും CPIM ന്റെയും സമുന്നത നേതാവും LDF ജില്ലാ കൺവീനറുമായ കെ.പി സഹദേവൻ (84) അന്തരിച്ചു. CPIM സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്‌ കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  എളയാവൂർ കണ്ണോത്തുംചാലിലെ പരേതരായ കുഞ്ഞിരാമന്റെയും കെ.പി താലയുടെയും മകനാണ്. 

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിതെറുപ്പുകാരനായി ജീവിതമാരംഭിച്ച കെ പി സഹദേവൻ പതിനെട്ടാം വയസ്സുമുതൽ ട്രേഡ്‌ണിയൻ രംഗത്ത് സജീവമായിരുന്നു. ടുബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്തുംചാൽ ഡിവിഷൻ സെക്രട്ടറിയായാണ് തുടക്കം. തുടർന്നിങ്ങോട്ട് വിവിധ മേഖലകളിലായി എണ്ണമറ്റ യൂണിയനുകൾക്ക് രൂപംകൊടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം, ബീഡി ആന്റ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിരവധി യൂണിയനുകളുടെ ജില്ലാ ഭാരവാഹിയാണ്.

1955‐56 ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. പിന്നീട്‌ ബ്രാഞ്ച് സെക്രട്ടറി. 1964ൽ സിപിഐ എം രൂപം കൊണ്ടതുമുതൽ 1978 വരെ കണ്ണൂർ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി. 78ൽ ജില്ലാ കമ്മിറ്റിയിലേക്കും 86ൽ ജില്ലാ സെക്രട്ടറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം സമ്മേളനത്തിനുശേഷമാണ് സംസ്ഥാന കമ്മിറ്റി അംഗമായത്. ഏറണാകുളം സമ്മേളനത്തിലാണ്‌ സംസ്ഥാന കമ്മിറ്റിയിൽ നിന്ന്‌ ഒഴിഞ്ഞത്‌. 2006ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു. 

1968 ൽ മംഗ്ലൂർ ഗണേഷ് ബീഡിക്കമ്പനി അടച്ചുപൂട്ടിയതിനെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭത്തിൽ സംയുക്തസമരസമിതി ജനറൽ കൺവീനറായിരുന്നു. കേരള ദിനേശ് ബീഡി സഹകരണ സംഘം രൂപീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഹാൻവീവ്‌ ചെയർമാനും കണ്ണൂർ എകെജി സഹകരണ ആശുപത്രി പ്രസിഡന്റുമായിരുന്നു. ബീഡിത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം, കേന്ദ്രബീഡി വെൽെഫയർ ഫണ്ടിന്റെ സംസ്ഥാന ഉപദേശക ബോർഡ്, ബീഡി, സിനിമ, ചെറുകിട എഞ്ചിനീയറിങ്, മലഞ്ചരക്ക് വ്യവസായത്തൊഴിലാളികളുടെ മിനിമം വേജസ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. 

അടിയന്തരാവസ്ഥക്കാലത്ത് "മിസ' പ്രകാരം ഇരുപത് മാസം ജയിലിലായ സഹദേവൻ വിവിധ കാലയളവിലായി രണ്ടുവർഷത്തോളം വേറെയും ശിക്ഷിക്കപ്പെട്ടും റിമാൻഡ് തടവുകാരനായും ജയിലിൽ കഴിഞ്ഞു. പൊലീസ് ‐ ഗുണ്ടാമർദനമേറ്റതിന് കയ്യുംകണക്കുമില്ല. പൈശാചികമായ പൊലീസ് ഭേദ്യം ചെയ്യലിനെ തുടർന്ന് പലവട്ടം ആശുപത്രിയിലായി. അടിയന്തരാവസ്ഥക്കുതൊട്ടു മുമ്പ് അന്നത്തെ എസ്‌ പി ജോസഫ് തോമസ്, കണ്ണൂർ ടൗൺ എസ്ഐ പുലിക്കോടൻ നാരായണൻ എന്നിവർ ചേർന്ന് നടത്തിയ അതിഭീകരമർദനത്തിൽ ഗുരുതരമായി പരിക്കേറ്റു. ചെറുവത്തൂരിൽ സിപിഐ എം നേതാവ് കെ കുഞ്ഞിരാമന്റെ വീട്ടിൽ മൂന്നുമാസത്തോളം ഒളിവിൽ കഴിഞ്ഞ് ചികിൽസ നടത്തേണ്ടി വന്നു. 2003 മാർച്ച് 17ന് കണ്ണൂർ എസ്‌ പി ഓഫീസീലേക്ക്‌ നടന്ന എൽഡിഎഫ് മാർച്ചിലും ക്രൂരമായ മർദനത്തിനിരയായി.

ഭാര്യ : കൗസല്യ (കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് ബർണശ്ശേരി ബ്രാഞ്ച് മാനേജർ)

 മക്കൾ : കെ.പി സജീവൻ (ഇന്റീരിയർ വർക്ക്‌ഷോപ്പ്‌ ഉടമ), രാജീവൻ (ബയോഡ്രോപ്പ്‌സ്‌ വാർ പ്യൂരിഫയർ MD), ഷമീർ (ഇംഗ്ലണ്ട്‌) 

മരുമക്കൾ : ജഷിത (അഭിഭാഷിക, കണ്ണൂർ കോടതി), സംയുക്ത (ഇംഗ്ലണ്ട്)

Previous Post Next Post