കണ്ണൂർ :- അർബൻ പോസ്റ്റോഫീസുകൾ മുഴുവൻ അടച്ചുപൂട്ടുന്ന നടപടി പിൻവലിക്കുക, അശാസ്ത്രീയമായി ഹെഡ് പോസ്റ്റോഫീസ് നിർത്തലാക്കുന്ന നടപടി റദ്ദാക്കുക, ബീറ്റ് മെക്കനൈസേഷന്റെ ഭാഗമായി തസ്തികകൾ വെട്ടിക്കുറക്കുന്ന നയം തിരുത്തുക, അശാസ്ത്രീയമായ ബിസിനസ്സ് ടാർഗറ്റിന്റെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (FNPO) കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാനതല പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിച്ചത്.
കെ.പി.സി.സി മെമ്പർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ ചെയർമാൻ വി.പി ചന്ദ്ര പ്രകാശ് അധ്യക്ഷത വഹിച്ചു. എഫ്.എൻ.പി.ഒ സംസ്ഥാന കൺവീനർ കെ.വി സുധീർ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷണൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി പി.വി രാമകൃഷ്ണൻ, ഡിവിഷണൽ സെക്രട്ടറിമാരായ കെ.വി വേണുഗോപാലൻ, ദിനു മൊട്ടമ്മൽ, പ്രസിഡന്റുമാരായ എംകെ ഡൊമിനിക്, പി.കെ ഹരിദാസ്, ട്രഷറർ സി.അഷ്റഫ്, സി.വി ചന്ദ്രൻ, എം.നവീൻ, കെ.സജിന എന്നിവർ സംസാരിച്ചു.
