UAE യിലെ മയ്യിൽ NRI ഫോറം ഇരുപതാം വാർഷികാഘോഷം സംഘടിപ്പിച്ചു


ദുബൈ :- UAE യിലെ സാംസ്കാരിക, സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായ മയ്യിൽ NRI ഫോറത്തിന്റെ ഇരുപതാം വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു. അബുഹെയിലിലെ അമാന സ്പോർട്സ് ബേയിൽ നടന്ന പരിപാടിയിൽ ഫോറത്തിന്റെ വാർഷിക ജനറൽ ബോഡിയും ചേർന്നു. പ്രശസ്ത മാധ്യമപ്രവർത്തകനും യുഎഇ വാർത്തയുടെ എഡിറ്റർ ഇൻ ചീഫുമായ അനൂപ് കീച്ചേരി ഉദ്ഘാടനം ചെയ്തു. പ്രമുഖ ക്ലനിക്കൽ സൈക്കോളജിസ്റ്റ് ഡോ: സിജി രവീന്ദ്രൻ മുഖ്യാതിഥിയായി. പ്രസിഡന്റ് ബിന്ദു വിജയൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഒ.വി വിനോദ് ആശംസകളർപ്പിച്ച് സംസാരിച്ചു. 

കഴിഞ്ഞ 2 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി പ്രിയ കെ. കോറോത്ത് അവതരിപ്പിച്ചു. ട്രഷറർ ഷിംന മനോജ് സാമ്പത്തിക റിപ്പോർട്ടും വൈസ് പ്രസിഡന്റ് ശുഭ വേണു അനുബന്ധ റിപ്പോർട്ടും അവതരിപ്പിച്ചു.  ഫോറത്തിന്റെ സ്ഥാപകരിലൊരാളും സജീവ അംഗവുമായ ഡോ. ബിന്ദു സുരേഷ് ആദ്യമായി രചിച്ച ‘വേരുകളിലേക്കുള്ള വഴി’ എന്ന നോവലിന്റെ കവർ പ്രകാശനവും ചടങ്ങിൽ നടന്നു. മുഖ്യാതിഥി അനൂപ് കീച്ചേരിയാണ് കവർ പ്രകാശനം നിർവഹിച്ചത്. മാവേലിയുടെ സാന്നിധ്യം, ചെണ്ടമേളം, പൂക്കളം, പുലിക്കളി തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. അംഗങ്ങളും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി പ്രിയ.കെ കോറോത്ത് സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി ജയ വിനോദ് നന്ദി പറഞ്ഞു.

തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ നവീൻകുമാർ ഒ.വി (പ്രസിഡന്റ്), ജഗദീഷ് പി.പി (ജനറൽ സെക്രട്ടറി), സുജീഷ് കെ.എം (ട്രഷറർ), ലിജിത്ത്. ആർ (ജോയിന്റ് സെക്രട്ടറി), ധനേഷ്.സി (വൈസ് പ്രസിഡന്റ്) എന്നിവരടങ്ങുന്ന പുതിയ എക്സിക്യൂട്ടീവ് പാനലിനെ അടുത്ത ഒരു വർഷത്തേക്ക് തിരഞ്ഞെടുത്തു.


Previous Post Next Post