കേരളത്തിന്റെ ധനസ്ഥിതി കിഫ്ബി തകർത്ത് തരിപ്പണമാക്കിയെന്ന് മുഖ്യമന്ത്രി, കിഫ്ബിയെ തകർത്ത ചതിയൻ ചന്തു UDF എന്ന് മുൻ ധനമന്ത്രി ; നിയമസഭയിൽ തർക്കം രൂക്ഷം


തിരുവനന്തപുരം :- കിഫ്‌ബിയെച്ചൊല്ലി നിയമസഭയിൽ രൂക്ഷമായ തർക്കം. കേരളത്തിന്റെ ധനസ്ഥിതി കിഫ്ബി തകർത്ത് തരിപ്പണമാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഖജനാവ് കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതികൾ സ്തംഭിച്ചതിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് നോട്ടീസ് നൽകിയത്. കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. കോർപറേറ്റ് വൽകരണ അജണ്ട നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. കിഫ്ബി എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിക്ക് വിഷമമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്ത് 31,761 കോടി രൂപയുടെ കിഫ്ബി പ്രവർത്തനം തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. തുടങ്ങിവെച്ച പദ്ധതി പൂർത്തിയാക്കും. 25,000 കോടി രൂപയുടെ പദ്ധതി പൂർത്തിയായി. പൂർത്തിയാക്കാനുള്ളവയ്ക്ക് പണം എവിടെ നിന്ന് എന്നതിന് ഒരു ഊഹവും ഇല്ല. ഏറ്റെടുത്ത പദ്ധതി പൂർത്തിയാക്കാൻ 70,000 കോടി രൂപ വേണം. വരുമാനം വരുന്ന പദ്ധതികൾ കിഫ്ബിക്ക് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധി കുറച്ചപ്പോൾ തന്നെ സംസ്ഥാനത്തിന് 12000 കോടി കുറവുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന് അന്നത്തെ ധനവകുപ്പ് തന്നെ പറഞ്ഞതാണ്. കിഫ്ബി പദ്ധതികൾ അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി വഴിയുള്ള കടമെടുപ്പ് തുടരുന്നതിൽ ധനമന്ത്രിയായിരിക്കെ കെ എൻ ബാലഗോപാൽ ഉയർത്തിയ എതിർപ്പ് മുഖ്യമന്ത്രി ആയുധമാക്കി. കോർപറേറ്റ് വത്കരണ അജണ്ട എന്ന വാക്കിനെ മുഖ്യമന്ത്രി പരിഹസിച്ചു. കിഫ്ബിയുടെ പല നീക്കങ്ങളെയും എതിർത്ത കെ എൻ ബാലഗോപാലിനെ കൊണ്ട് തന്നെ നോട്ടീസ് അവതരിപ്പിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് എങ്ങനെയാണ് കോർപറേറ്റ് വൽകരണ അജണ്ടയാകുന്നതെന്ന് ചോദിച്ചു. അന്ന് ബാലഗോപാൽ അത് എതിർത്തതും കോർപറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനത്തിന്റെ കടമെടുപ്പിന് ബാധിക്കും എന്നതുകൊണ്ടാണ് ബാലഗോപാൽ അങ്ങനെ പറഞ്ഞത്. ധനവകുപ്പിനോ സർക്കാരിനോ ഒരു നിയന്ത്രണവുമില്ലാതെ പ്രത്യേക സാമ്രാജ്യം ഉണ്ടാക്കിവെക്കുകയായിരുന്നു. ധനവകുപ്പിന് ഒരു റോളും ഉണ്ടായിരുന്നില്ല. ധനവകുപ്പിന് അനുമതിയില്ലാതെ ആളുകളെ നിയമിച്ച് തോന്നിയ പോലെ പലിശയ്ക്ക് പണമെടുത്ത് ആണ് കിഫ്ബി മുന്നോട്ടുപോയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ധനവകുപ്പിനെയും മുഖ്യമന്ത്രിയേയും കാറ്റിൽ പറത്തി. ധനവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും ഇനി കിഫ്ബി. കൊച്ചിയിലെ സിയാൽ ആണ് കേരളത്തിൻ്റെ വിസ്‌മയം. ഗോശ്രീ പാലവും ഇൻഫോ പാർക്കും ടെക്നോ പാർക്കും മുതൽ വിഴിഞ്ഞം തുറമുഖം വരെ കിഫ്ബിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

പത്ത് വർഷം മുമ്പുള്ള കേരളം അല്ല ഇപ്പോഴുള്ളതെന്നും അതിന് കാരണം കിഫ്ബിയാണെന്നും മുൻ ധനമന്ത്രിയായ കെ എൻ ബാലഗോപാൽ എംഎൽഎ പറഞ്ഞു. ദേശീയപാതയ്ക്ക് സ്ഥലമെടുക്കാൻ പണം കൊടുക്കേണ്ടി വന്നതാണ്. മലയോരമേഖലയിൽ അടക്കം യാത്രാ സൗകര്യം മെച്ചപ്പെട്ടു. ഇപ്പോൾ ചിരിക്കുന്ന എംഎൽഎമാർ മലയോരമേഖലയിൽ നിന്ന് ഇവിടെ വരാൻ എട്ടുമണിക്കുർ എടുത്തിരുന്നെങ്കിൽ ഇപ്പോ ഇവിടെ വന്നിരിക്കാൻ അഞ്ച് മണിക്കൂർ മതിയെന്ന് കെ എൻ ബാലഗോപാൽ പരിഹസിച്ചു.

മലയോര മേഖലയിലെ റോഡുകൾ കിഫ്ബി വഴിയാണ്. വയനാട്ടിലെ തുരങ്കപാതയും ഇതുവഴിയാണ്. ഒരു രാഷ്ട്രീയ വ്യത്യാസവുമില്ലാതെയാണ് പദ്ധതികൾ അനുവദിച്ചത്. ഇന്ത്യയിൽ ഏറ്റവും അധികം മൂലധനം കഴിഞ്ഞ വർഷങ്ങളിൽ വന്നത് കേരളത്തിലാണ്. കിഫ്ബിയെ ഇപ്പോഴത്തെ ഭരണപക്ഷം ആദ്യം മുതൽ കണ്ടത് ചതുർത്ഥി കാണും പോലെയാണ്. കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫ് ആണെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി വാചക കസർത്ത് കാണിക്കും പോലെ അല്ല. 102 ആളിൻ്റെ പിന്തുണയല്ല കാര്യം, വസ്തുത വസ്‌തുതയാണ്. സംസ്ഥാന താൽപര്യത്തിനെതിരെയാണ് യുഡിഎഫ് പ്രവർത്തിച്ചത്. ഒരിടത്തും ഒരു ജോലിയും നടക്കുന്നില്ല. വിദഗ്ധ സമിതി റിപ്പോർട്ട് ഒക്കെ ഉള്ളതല്ലേ എന്നും സഭ നിർത്തിവെച്ച് ചർച്ച ചെയ്യാം എന്നും അതല്ലേ വേണ്ടതെന്നും കെ എൻ ബാലഗോപാൽ ചോദിച്ചു.

Previous Post Next Post