മയ്യിൽ:-കളഞ്ഞുകിട്ടിയ തുക വാട്സ്ആപ്പ് കൂട്ടായ്മകളുടെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി മയ്യിൽ പോലീസ് സ്റ്റേഷനിൽ വെച്ച് തിരിച്ചേൽപ്പിച്ച് മാതൃകയായി ചേലേരി സ്വദേശി. ചേലേരി ദാൽപള്ളി റോഡിലെ അൽ അമൻ വീട്ടിൽ ഇബ്രാഹിം (50) ആണ് തന്റെ സത്യസന്ധത കൊണ്ട് ശ്രദ്ധേയനായത്.
നവംബർ രണ്ടിന് ചേലേരി വില്ലേജ് ഓഫീസിന് സമീപത്ത് വെച്ചാണ് ഇബ്രാഹിമിന് 21,000 രൂപ അടങ്ങിയ തുക കളഞ്ഞു കിട്ടിയത്. തുടർന്ന്, തുകയുടെ യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി അദ്ദേഹം വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വിവരം പങ്കുവെക്കുകയായിരുന്നു.
സന്ദേശം കണ്ടതിനെ തുടർന്ന് തുകയുടെ യഥാർത്ഥ ഉടമസ്ഥനായ ബാലൻ കിണർ സ്വദേശി മണി എ (46) ആവശ്യമായ തെളിവുകൾ സഹിതം ഇബ്രാഹിമിനെ ബന്ധപ്പെട്ടു. തുടർന്ന് ഇരുവരും മയ്യിൽ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും സർക്കിൾ ഇൻസ്പെക്ടറുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ തുക മണിക്ക് കൈമാറുകയും ചെയ്തു. ഇബ്രാഹിമിന്റെ ഈ മാതൃകാപരമായ സത്യസന്ധതയെ പോലീസും നാട്ടുകാരും അഭിനന്ദിച്ചു.
