കണ്ണൂർ:-കുട്ടികളിലെ കലാപരമായ കഴിവുകൾ ശാസ്ത്രീയമായി വളർത്തുക ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും നടപ്പാക്കുന്ന 'ഒരു വിദ്യാലയത്തിൽ ഒരു കല' പദ്ധതിക്ക് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം പാപ്പിനിശ്ശേരി ഇഎംഎസ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി. ഷൈനി പദ്ധതി വിശദീകരിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി
അധ്യക്ഷരായ ബോബി എണ്ണച്ചേരിൽ, പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ വിവി പവിത്രൻ, പിവി ജയശ്രീ, എവി ലേജു, സ്കൂൾ പ്രിൻസിപ്പൽ എവി റീനാകുമാരി, പ്രധാനാധ്യാപിക എകെ മിനി, സീനിയർ അസിസ്റ്റന്റ് ഇഎൻ ദിനേശ് ബാബു, പിടിഎ പ്രസിഡന്റ് സുജിത്ത് പണ്ണേരി, എസ്എംസി ചെയർമാൻ ടിടി രഞ്ജിത്ത്, അധ്യാപിക ഒ രശ്മി എന്നിവർ പങ്കെടുത്തു.
പദ്ധതി 14 സ്കൂളുകളിൽ
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 14 സർക്കാർ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. 11 മുതൽ 14 വയസുവരെയുള്ള (6, 7, 8 ക്ലാസുകളിലെ) കുട്ടികൾക്കാണ് കലാ പരിശീലനം നൽകുക. ഓരോ സ്കൂളിലും തെരഞ്ഞെടുത്ത ഒരു കലാഇനത്തിലാണ് പരിശീലനം. വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ വിദഗ്ധ കലാകാരന്മാരുടെ നേതൃത്വത്തിൽ കുറഞ്ഞത് 60 മണിക്കൂർ പരിശീലനം നൽകും. നാടൻപാട്ട്, ശിൽപകല, ചിത്രകല, കരകൗശലവിദ്യ എന്നിങ്ങനെ നാലു പ്രധാന മേഖലകളിലായി പരിശീലനം നൽകുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു സ്കൂളിന് അൻപതിനായിരം രൂപ വീതമാണ് നൽകുക.
ചെറുകുന്ന് ബോയ്സ് ജിഎച്ച്എസ്എസ്, ചുഴലി ജിഎച്ച്എസ്എസ്, കടന്നപ്പള്ളി ജിഎച്ച്എസ്എസ്, കതിരൂർ ജിവിഎച്ച് എസ്എസ്, കരിവെള്ളൂർ എവിഎസ്ജിഎച്ച്എസ്എസ്, കോട്ടയം മലബാർ ജിഎച്ച്എസ്എസ്, കുഞ്ഞിമംഗലം ജിഎച്ച് എസ്എസ്, പടിയൂർ ജിഎച്ച്എസ്എസ്, പാലാ ജിഎച്ച്എസ്എസ്, പാപ്പിനിശ്ശേരി ഇഎംഎസ്എസ്ജിഎച്ച്എസ്എസ്, തടിക്കടവ് ജിഎച്ച്എസ്, പിണറായി എകെജി മെമ്മോറിയൽ ജിഎച്ച്എസ്എസ്, ഉളിക്കൽ ജിഎച്ച്എസ്എസ്, വേങ്ങാട് ഇകെഎൻഎസ്ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളിലാണ് പദ്ധതി നടപ്പാകുക. കുട്ടികൾക്ക് അറിവു പകരുന്നതിനൊപ്പം സർഗാത്മകതയും പൈതൃകബോധവും വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതി പൂർത്തീകരണത്തിനു ശേഷം സ്കൂൾ, ജില്ലാതലങ്ങളിൽ നാടൻപാട്ടുകൾ അവതരിപ്പിക്കാൻ കലാ മികവ് പ്രദർശനങ്ങളും നാടൻപാട്ട് ഉത്സവങ്ങളും സംഘടിപ്പിക്കും. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
(.
