ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ അധികം വൈകാതെ ട്രാക്കിലെത്തും. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണം ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (BEML) നിര്‍മാണശാലയില്‍ പുരോഗമിക്കുകയാണ്. ട്രെയിനിന്റെ കരുത്തും ഉയര്‍ന്ന വേഗത്തില്‍ ഓടാനുള്ള ശേഷിയുമെല്ലാം ഉറപ്പാക്കാന്‍ വിവിധ പരിശോധനകളും നടന്നുവരികയാണ്.
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ ഇടനാഴിയിലാകും ഈ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഇന്ത്യന്‍ എന്‍ജിനീയറിങ് മികവില്‍ ഒരുങ്ങുന്ന ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് പ്രധാന പരിഗണന. പരിശോധനാ ഘട്ടത്തില്‍ മണിക്കൂറില്‍ 280 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ യാത്രക്കാരുമായി സര്‍വീസ് നടത്തുമ്പോള്‍ പരമാവധി ആസൂത്രിത വേഗം മണിക്കൂറില്‍ 249 കിലോമീറ്ററായിരിക്കും.
