കൊളച്ചേരി:പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ച് ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും ബാലസഭയുടെയും നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ ഭക്ഷ്യമേളയും "രുചിമേള" ഭക്ഷ്യവിഭവ പ്രദർശനവും ബാലപഞ്ചായത്തും സംഘടിപ്പിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല പരിപാടി ഉദ്ഘാടനം ചെയ്തു. ബാലപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാസി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ റിജിന പി. ആമുഖപ്രഭാഷണം നടത്തി. അസിസ്റ്റന്റ് സെക്രട്ടറി മനോജ് സ്വാഗതവും ബാലപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബഹ സുബൈർ നന്ദിയും പറഞ്ഞു.
വിവിധ വാർഡുകളിൽ നിന്നുള്ള ബാലസഭ കുട്ടികൾ തങ്ങളുടെ വീടുകളിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങളുമായി മേളയിൽ സജീവമായി പങ്കെടുക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾ എത്തിച്ച ഭക്ഷണവിഭവങ്ങളിൽ നിന്ന് മികച്ച പോഷകപ്രാധാന്യമുള്ള രണ്ട് വിഭവങ്ങളെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിബു കരുൺ തിരഞ്ഞെടുക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ബാലപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാസി അവതരിപ്പിച്ച പാട്ട് പരിപാടിക്ക് പ്രത്യേക മാറ്റുകൂട്ടി.
തുടർന്ന് നടന്ന ബാലപഞ്ചായത്ത് യോഗത്തിൽ വിവിധ വാർഡുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ബാലസഭ സെക്രട്ടറിയും പ്രസിഡന്റും അവതരിപ്പിച്ചു. ബാലസഭ ആർ.പി. രേഷ്മയുടെ നേതൃത്വത്തിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടുകൾ ചർച്ച ചെയ്തു. സി.ഡി.എസ് മെമ്പർമാരുടെ സജീവ പങ്കാളിത്തവും പരിപാടിയുടെ വിജയത്തിന് കരുത്തായി. ബാലസഭ ആർ.പി. രേഷ്മ യോഗത്തിന് നന്ദി പറഞ്ഞു.
