തളിപ്പറമ്പ്:-വീട് ജപ്തി ചെയ്തതോടെ ദുരിതത്തിലായ തളിപ്പറമ്പ് പുളിമ്പറമ്പ് തോട്ടാറമ്പ് സ്വദേശിയായ കേരള മുൻ ത്രോബോൾ താരം അശ്വതിക്കും കുടുംബത്തിനും കൈത്താങ്ങായി ലുലു ഗ്രൂപ്പ്. കേരള ബാങ്കിലെ വായ്പ ലുലു ഗ്രൂപ്പ് അടച്ചുതീർത്തു. 34 ലക്ഷത്തിന്റെ കടബാധ്യത ലുലു ഗ്രൂപ്പിന്റെ ഇടപെടലിൽ ബാങ്ക് അധികൃതർ 24 ലക്ഷമായി കുറച്ചിരുന്നു.
നാളെ രാവിലെ അശ്വതിക്കും കുടുംബത്തിനും ബാങ്ക് താക്കോൽ കൈമാറുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. മറ്റൊരാശ്രയമില്ലാത്തതിനെ തുടർന്ന് ജപ്തി ചെയ്ത സ്വന്തം വീടിൻ അടുക്കള വരാന്തയിലാണ് അശ്വതിയും ചെറിയ മക്കളുമടങ്ങുന്ന ആറംഗ കുടുംബം അന്തിയുറങ്ങിയിരുന്നത്. മാധ്യമ വാർത്തകളെ തുടർന്നാണ് ലുലു ഗ്രൂപ്പിന്റെ ഇടപെടൽ.
കുഞ്ഞുമക്കൾക്ക് ഉടുതുണിക്ക് മറുതുണിയില്ലാതെ വീട്ടിൽ നിന്നിറങ്ങേണ്ടിവന്ന സങ്കടം അശ്വതി നേരത്തെ പങ്കുവെച്ചിരുന്നു. ത്രോബോളിൽ ഒരു കാലത്ത് കേരളം പലവട്ടം വിജയം നേടിയപ്പോഴും നെടുംതൂണായി അശ്വതി ടീമിലുണ്ടായിരുന്നു. നാല് മാസം മുൻപാണ് ലോൺ അടവ് മുടങ്ങിയതിനെ തുടർന്ന് കേരള ബാങ്ക് ഇവരുടെ വീട് ജപ്തി ചെയ്തത്. ജനപ്രതിനിധികളും കൈമലർത്തിയതോടെ എങ്ങോട്ട് പോകണമെന്നറിയാതെ വഴിമുട്ടി നിൽക്കവേയാണ് ലുലു ഗ്രൂപ്പിന്റെ ഇടപെടൽ.
അശ്വതിയുടെ ഭർത്താവ് നിതിന്റെ അമ്മ സുനില 2018 ലാണ് 35 സെൻ്റ് സ്ഥലം പണയം വെച്ച് ലോൺ എടുക്കുന്നത്. മരം മുറിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ് നിതിനും ജോലിക്ക് പോകാൻ കഴിയാതായി. തിരിച്ചടവ് മുടങ്ങി. പലിശ ഉൾപ്പെടെ 34 ലക്ഷം രൂപയോളം ആയപ്പോഴാണ് ബാങ്ക് വീട് ജപ്തി ചെയ്തത്.
