ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി എട്ടാം ക്ലാസുകാരൻ

 


കാസർകോട്: ഓട്ടോറിക്ഷയിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ്ണ കൈച്ചെയിൻ ഉടമയായ അധ്യാപികയ്ക്ക് തിരികെ നൽകി എട്ടാം ക്ലാസ് വിദ്യാർത്ഥി നാടിന് മാതൃകയായി. കോളിയടുക്കം വയലാംകുഴിയിലെ നാരായണന്റെ മകനും ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയുമായ നിയോഗ് നാരായണനാണ് തന്റെ സത്യസന്ധതയിലൂടെ സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും പൊലീസിന്റെയും പ്രശംസ പിടിച്ചുപറ്റിയത്.

വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെയാണ് സീറ്റിൽ ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണ കൈച്ചെയിൻ വീണുകിടക്കുന്നത് നിയോഗിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആഭരണം കൈക്കലാക്കാൻ ശ്രമിക്കാതെ, ഉടൻ തന്നെ സുഹൃത്തിനെയും കൂട്ടി വിദ്യാർത്ഥി മേൽപറമ്പ് പൊലീസ് സ്റ്റേഷനിലെത്തി. ആഭരണം ഓട്ടോയിൽനിന്ന് ലഭിച്ചതാണെന്ന് വ്യക്തമാക്കി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും സ്റ്റേഷനിൽ ലഭിച്ച ആഭരണം തന്റേതാണെന്ന് ഒരു അധ്യാപിക സ്ഥിരീകരിച്ചു. തുടർന്ന് ശനിയാഴ്ച രാവിലെ നിയോഗിനെയും ആഭരണത്തിന്റെ ഉടമയായ അധ്യാപികയെയും മേൽപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് നിയോഗിന്റെ കൈകൊണ്ടുതന്നെ സ്വർണ്ണ കൈച്ചെയിൻ അധ്യാപികയ്ക്ക് കൈമാറി. കളഞ്ഞുപോയ ആഭരണം തിരികെ ലഭിച്ചതിൽ അധ്യാപിക വിദ്യാർത്ഥിക്ക് നന്ദി അറിയിച്ചു.

മേൽപറമ്പ് എസ്.ഐ ടി. അഖിൽ, റൈറ്റർ ടി. രാജേന്ദ്രൻ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണം കൈമാറിയത്. ആറുമാസം മുൻപും സമാനമായ രീതിയിൽ നിയോഗിന് ഒന്നരപ്പവൻ തൂക്കമുള്ള ഒരു സ്വർണ്ണാഭരണം കളഞ്ഞുകിട്ടിയിരുന്നുവെന്നും അന്നും അത് ഉടമസ്ഥർക്ക് തന്നെ തിരികെ ഏൽപ്പിച്ച് കുട്ടി മാതൃകയായിരുന്നുവെന്നും മേൽപറമ്പ് പൊലീസ് വ്യക്തമാക്കി. വിദ്യാർത്ഥിയുടെ ഉയർന്ന പൗരബോധത്തെയും സത്യസന്ധതയെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

Previous Post Next Post