അരിയില്‍ ഷുക്കൂര്‍ വധക്കേസ് ; ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികൾ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്



കൊച്ചി :- അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കും. ഒന്നാം പ്രതി കെ വി സുമേഷ് ഉള്‍പ്പെടെയുള്ളവരെയാണ് എറണാകുളം സബ് ജയിലില്‍ നിന്ന് കണ്ണൂരില്‍ എത്തിക്കുക. എല്ലാവര്‍ക്കും ജീവപര്യന്തം ശിക്ഷ സിബിഐ കോടതി വിധിച്ചിരുന്നു. കേസില്‍ ആകെ 13 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

സിപിഐഎം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ അടക്കം 18 പേരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. സാക്ഷികളെ എത്തിക്കുന്നതില്‍ അടക്കം പ്രോസിക്യൂഷന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്നാണ് വിധി പകര്‍പ്പില്‍ പറഞ്ഞിരുന്നത്.

പി.ജയരാജന്‍, ടി.വി.രാജേഷ്, എം.വി.ഗോവിന്ദന്റെ മകന്‍ ശ്യാംജിത് എന്നിവരടക്കമുള്ളവരാണ് കുറ്റവിമുക്തരായത്. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല എന്ന് കോടതി വ്യക്തമാക്കി. ആശുപത്രിയില്‍ പ്രതികള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് മതിയായ തെളിവില്ല. ഫോണ്‍ രേഖകളുടെ പരിശോധനയിലും വീഴ്ച്ച ഉണ്ടായി. ആരോപണവിധേയമായ ഫോണ്‍ നമ്പര്‍ 31-ാം പ്രതിയുടേതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ആ നമ്പര്‍ മറ്റൊരാളുടേതെന്ന് രേഖകളുണ്ട്.

10, 11 പ്രതികള്‍ മൊബൈല്‍ ഫോണിലൂടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയെന്ന ആരോപണത്തില്‍ ഫോണുകള്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയിരുന്നില്ല.പി.ജയരാജന്റെയും, ടി.വി രാജേഷിന്റെയും ഫോണ്‍ രേഖകള്‍ ശേഖരിച്ചില്ല. ഇതെല്ലാം ഗൂഢാലോചന തെളിയിക്കുന്നതില്‍ തിരിച്ചടിയായി എന്നാണ് ഉത്തരവില്‍ പറയുന്നത്.

ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്,ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി മനോഹരന്‍, പത്താം പ്രതി എം.വി. ദിനേശന്‍, പന്ത്രണ്ടാം പ്രതി ബിജുമോന്‍, പതിനഞ്ചാം പ്രതി ഷിജിന്‍ മോഹന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അതിക്രമിച്ചു കടക്കല്‍, തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്ത പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണന്‍, 25-ാം പ്രതി വി.വി. മോഹനന്‍, 26-ാം പ്രതി പുരുഷോത്തമന്‍, 27-ാം പ്രതി പി.കെ. അജിത് കുമാര്‍, 28-ാം പ്രതി പി.പി. സുരേശന്‍ തെളിവ് നശിപ്പിച്ച കെ വി സജിത്ത് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍, ഷുക്കൂറിനെ കുത്തിയ രണ്ടാമനായ പി.ഗണേശനെ വെറുതെ വിട്ടത് പ്രോസിക്യൂഷന് വന്‍ തിരിച്ചടിയായി.

Previous Post Next Post
കൊളച്ചേരി വാർത്തകൾ