പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ടം പിയർ ഗ്രൂപ്പ് അംഗങ്ങളുടെ യോഗവും ലോക പ്രമേഹ ദിനാചരണവും നടത്തി. പള്ളിപ്പറമ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ടിന്റു സുനിൽ ഉദ്ഘാടനം ചെയ്തു. MLSP നഴ്സ് ഡെയ്സി വിഷയാവതരണം നടത്തി. പ്രമേഹം വരാനുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു. യോഗ പരിശീലകനും വാർഡ് മെമ്പറുമായ കെ.പി സജീവ് ബോധവൽക്കരണ ക്ലാസെടുത്തു. നിത്യേന ചെയ്യാവുന്ന വ്യായാമ രീതികൾ പരിചയപ്പെടുത്തി.
പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ, ഈ രണ്ടു രോഗാവസ്ഥയും ഉള്ളവരോ ആയ ആളുകളുടെ കൂട്ടായ്മയായ പിയർ ഗ്രൂപ്പ് അംഗങ്ങൾക്ക് ബി.പി, ഷുഗർ പരിശോധനയും വ്യായാമ പരിശീലനവും നടത്തി. മെച്ചപ്പെട്ട രോഗ നിയന്ത്രണത്തിലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമേഹവും ഉയർന്ന ബി.പി യും നിയന്ത്രിച്ച് നിർത്താൻ സഹായകമാകുന്ന ഘടകങ്ങൾ ശാസ്ത്രീയമായി, പ്രത്യേകം ക്രമീകരിച്ച സെഷനുകളിലൂടെ ചർച്ച ചെയ്യപ്പെട്ടു. പിയർ ഗ്രൂപ്പ് അംഗങ്ങളും ആരോഗ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ആശാ പ്രവർത്തകരായ രമ, രജിത എന്നിവർ സംസാരിച്ചു.


