അരിയിൽ ഷുക്കൂർ വധക്കേസ് ; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്


കൊച്ചി :- കണ്ണൂർ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ അബ്‌ദുൾ ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരിൽ ഒന്നാം പ്രതി കെ.വി. സുമേഷ് ഉൾപ്പെടെ ഏഴ് പേർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികൾ: കെ.വി. സുമേഷ് (ഒന്നാം പ്രതി) എ.വി. അനൂപ് (മൂന്നാം പ്രതി) പവിത്രൻ (ഏഴാം പ്രതി) പി.വി. മനോഹരൻ (ഒൻപതാം പ്രതി) എൻ.പി. ദിനേശൻ എന്ന മൈന ദിനേശൻ (പത്താം പ്രതി) ബിജുമോൻ എന്ന വടി ബിജു (പന്ത്രണ്ടാം പ്രതി) ഷിജിൻ മോഹൻ (പതിനഞ്ചാം പ്രതി)

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഇവർക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. കേസിൽ മറ്റ് കുറ്റങ്ങൾ തെളിഞ്ഞ ബാക്കി ആറ് പ്രതികൾക്കുള്ള ശിക്ഷയും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.

കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടിരുന്ന സി.പി.എം നേതാക്കളായ പി. ജയരാജൻ (32-ാം പ്രതി), ടി.വി. രാജേഷ് (33-ാം പ്രതി), സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പ്രതികളെ കോടതി രാവിലെ കുറ്റവിമുക്തരാക്കിയിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ച് കൊലപാതക ഗൂഢാലോചന നടന്നുവെന്ന സി.ബി.ഐയുടെ വാദം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. 2012 ഫെബ്രുവരി 20-നാണ് എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കണ്ണപുരം കീഴറയിൽ വെച്ച് കൊല്ലപ്പെട്ടത്. 14 വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കും 17 മാസത്തെ വിചാരണയ്ക്കും ഒടുവിലാണ് കേസിൽ നിർണ്ണായക വിധി വന്നിരിക്കുന്നത്.

Previous Post Next Post
കൊളച്ചേരി വാർത്തകൾ