ന്യൂഡൽഹി :- നികുതിയിളവു നൽകിയിട്ടും രാജ്യത്തെ കോർപറേറ്റുകൾ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുകയോ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) വാർഷിക യോഗത്തിലാണു മോദിയുടെ രൂക്ഷവിമർശനം.
"കോർപറേറ്റ് നികുതി 30 ശതമാനമാക്കിയിരുന്നത് 22 ശതമാനമാക്കി കുറച്ചു. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കി നൽകി. പക്ഷേ, നിങ്ങൾ കയ്യടിക്കില്ലെന്ന് എനിക്കറിയാം. എത്ര ഭക്ഷണം നൽകിയാലും വിശപ്പ് മാറാത്തവരാണു നിങ്ങൾ. നികുതി ഇളവ് നൽകിയതിനു പിന്നാലെ നിങ്ങൾ ജീവനക്കാരുടെ ശമ്പളം കൂട്ടിയോ? ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചോ? ഇല്ല. എല്ലാം മോദിജി ചെയ്യട്ടെ, ഞങ്ങൾ നോക്കിക്കൊള്ളാം എന്നാണു നിങ്ങളുടെ നിലപാട്'- പ്രധാനമന്ത്രി പറഞ്ഞു. മുൻപ് ആദായനികുതി റീഫണ്ട് ലഭിക്കാൻ 8 മാസം വരെ കാത്തിരിക്കേണ്ടിയിരുന്നു, എന്നാൽ, ഇന്ന് ഒരാഴ്ചയ്ക്കുള്ളിൽ റീഫണ്ട് അക്കൗണ്ടിലെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങളിൽ സ്വകാര്യമേഖലയുടെ മെല്ലെപ്പോക്കിനെയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. '1930 ൽ മഹാത്മാഗാന്ധി നിങ്ങളുടെ അടുക്കൽ വന്ന് ഇതേ കാര്യമാണ് പറഞ്ഞത്. ഇത്രയും വർഷങ്ങൾക്കുശേഷവും എനിക്ക് ആവർത്തിക്കേണ്ടി വരുന്നത് ഇതുതന്നെയാണ്. ഇതു നിങ്ങളുടെ വിജയമാണോ അതോ പരാജയമാണോ? എൻ്റെ വാക്കുകൾ നിങ്ങൾ കേൾക്കേണ്ട, കുറഞ്ഞപക്ഷം സ്വയംപര്യാപ്തതയെക്കുറിച്ചു പറഞ്ഞ ഗാന്ധിജിയെയെങ്കിലും കേൾക്കൂ'- മോദി പറഞ്ഞു.
ആഭ്യന്തര വിപണിയിൽ വിൽക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്തണമെന്നും മികച്ച ഉൽപന്നങ്ങൾ കയറ്റുമതിക്കു മാത്രമുള്ളതാണെന്ന ചിന്താഗതി മാറ്റണമെന്നും മോദി ആവശ്യപ്പെട്ടു. 40 കോടി ജനങ്ങളെ ഉറപ്പുള്ള ഒരു വിപണിയായി കാണരുത്. ഈ രാജ്യത്തെ ജനങ്ങൾക്കു ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാൻ അവകാശമില്ലേ? ഇന്നും അവരോട് "ഇത് എക്സ്പോർട്ട് ക്വാളിറ്റിയാണ്' എന്ന് പറയേണ്ട അവസ്ഥയുണ്ടോയെന്നും മോദി ചോദിച്ചു.
വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവയ്ക്കുന്ന സ്വതന്ത വ്യാപാരക്കരാറുകൾ നൽകുന്ന 'ചരിത്രപരമായ അവസരങ്ങൾ' പ്രയോജനപ്പെടുത്താൻ വ്യവസായലോകം തയാറാകുന്നില്ലെന്നും മോദി വിമർശിച്ചു. 'ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകളുമായി സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടുമ്പോൾ നിങ്ങൾക്കായി വാതിലുകൾ തുറക്കപ്പെടുകയാണ്. ഈ അവസരം മുതലെടുക്കാൻ നിങ്ങൾ എന്തെങ്കിലും പദ്ധതികൾ തയാറാക്കിയിട്ടുണ്ടോ, അതോ എന്തുചെയ്യണമെന്ന് ഞാൻ വന്നു പറഞ്ഞുതരണോ എന്നും അദ്ദേഹം ചോദിച്ചു.
