കോഴിക്കോട് ഭാര്യ മരിച്ച വിഷമത്തില്‍ ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം;പോലീസ് ഇടപെടലില്‍ വീണ്ടും ജീവിതത്തിലേക്ക്

 


കോഴിക്കോട്:-രോഗബാധിതയായി ഭാര്യ മരിച്ച വിഷമത്തില്‍ ജീവനൊടുക്കാനായി മരത്തില്‍ കയറിയ യുവാവിനെ രക്ഷിച്ച് പോലീസ്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസാണ് നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ രക്ഷപ്പെടുത്തി ബന്ധുക്കള്‍ക്കൊപ്പം തിരിച്ചയച്ചത്. 

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തുള്ള വെള്ളിപറമ്പ് കയറ്റത്തില്‍ സിനിമ തിയേറ്ററിന്റെ മുന്‍വശത്തെ മരത്തിനു ചുവട്ടില്‍ സമീപവാസിയായ ഒരാള്‍ മരത്തിന് മുകളിലേക്ക് നോക്കി നില്‍ക്കുന്നത് എഎസ്ഐ പ്രേമന്‍ മുചുകുന്നിന്റെ ശ്രദ്ധയില്‍പ്പെട്ടത്.എന്താണ് മരത്തിനു മുകളില്‍ എന്ന് അന്വേഷിച്ചപ്പോള്‍ ഒരു യുവാവ് മരത്തിനു മുകളില്‍ ഏറെ നേരമായി നില്‍ക്കുന്നുവെന്നായിരുന്നു മറുപടി. 

പോലിസ് വിവരം തിരക്കിയപ്പോഴും യുവാവ് പ്രതികരിച്ചില്ല. താഴെയിറങ്ങാനും തയ്യാറായില്ല. തുടര്‍ന്ന് വെള്ളിമാടുകുന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു യൂണിറ്റില്‍ വിവരമറിയിച്ചു.

അവര്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനുശേഷം മരത്തിനു മുകളില്‍ കയറി യുവാവിനെ താഴെയിറക്കി. മെഡിക്കല്‍ കോളജ് പോലിസ് യുവാവിനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഭാര്യ മെഡിക്കല്‍ കോളജില്‍ ആറാം വാര്‍ഡില്‍ ചികിത്സയിലുണ്ടെന്നാണ് അറിയിച്ചത്. യുവാവ് ഫോണ്‍ നമ്പറും പൊലിസിന് കൈമാറി. 

ഈ നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണെടുത്ത മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ യുവാവിന്റെ ഭാര്യ മരിച്ചുപോയ വിവരം പൊലിസിനെ അറിയിച്ചു. ഭാര്യ മരിച്ച ദുഃഖത്തില്‍ യുവാവ് ബന്ധുക്കളോട് പോലും വിവരം പറയാതെ ഫോണ്‍ ഉപേക്ഷിച്ച് ആത്മഹത്യയ്ക്ക് വേണ്ടിയാണ് മരത്തില്‍ കയറിയതെന്ന് പോലിസ് പറഞ്ഞു. 

നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പരിസരം മുഴുവന്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് പോലിസിന്റെ വിളിയെത്തുന്നത്. പോലീസ് ഏറെനേരം യുവാവിനെ ആശ്വസിപ്പിക്കുകയും ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം അയക്കുകയുമായിരുന്നു. കൈമാറുകയും ചെയ്തു. 

എഎസ്ഐ പ്രേമന്‍ മുചുകുന്ന്, സിവില്‍ പൊലിസ് ഓഫിസര്‍ രഞ്ചു, ഹോം ഗാര്‍ഡ് അനീഷ് എന്നിവരുടെയും സമയോചിതമായ ഇടപെടലാണ് ഒരു ജീവന്‍ രക്ഷിച്ചത്.

Previous Post Next Post
കൊളച്ചേരി വാർത്തകൾ