കണ്ണപുരം :- കണ്ണപുരം തൃക്കോത്ത് ഷൈൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, EMS സ്മാരക വായനശാല & ഗ്രന്ഥാലയം എന്നിവ സംയുക്തമായി വയോജനങ്ങളെ ചേർത്തുപിടിച്ച് സ്നേഹ യാത്ര സംഘടിപ്പിച്ചു. വാർദ്ധക്യം വിരസമല്ലെന്നും കാഴ്ചകൾക്ക് പ്രായം തടസ്സമല്ലെന്നും തെളിയിക്കുന്നതായിരുന്നു യാത്ര. കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേമ സുരേന്ദ്രൻ സ്നേഹയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
മനസ്സിലെ ചെറുപ്പം ഓർമ്മകൾക്ക് പുതുമ എന്ന സന്ദേശം ഉയർത്തി നടന്ന യാത്ര കണ്ണപുരം നിവാസികൾക്ക് വാർദ്ധക്യത്തിൽ നിന്നും കൗമാരത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയായി മാറി. അത്തരത്തിൽ ഓരോരുത്തരും ആഘോഷപൂർവ്വം ആയിരുന്നു യാത്രയെ വരവേറ്റത്. പണ്ടെങ്ങോ വിദ്യാലയ മുറ്റത്ത് നിന്നും പണം തടസ്സമായി മുടങ്ങിപ്പോയ യാത്രയുടെ സൗന്ദര്യം ഈ യാത്രയിൽ അവർ കണ്ടെത്തി. ഒരു നാടിന്റെ ആകെ ഓർമ്മ പുസ്തകത്തിലേക്ക് കുറിച്ചിടാനുള്ള ഓർമ്മകൾ തേടിയാണ് അവർ യാത്ര തിരിച്ചത്. തൃക്കോത്ത് പറമ്പത്ത് പ്രദേശത്തെ നാല്പതോളം വരുന്ന വയോജനങ്ങൾ അവരുടെ കൗമാരത്തെ തിരിച്ചുപിടിക്കുകയായിരുന്നു. അത്രയേറെ സന്തോഷത്തിലായിരുന്നു ഓരോരുത്തരും. പ്രായാധിക്യമോ ആകുലതകളോ ആരുടെയും മുഖത്തും കാണാനില്ലായിരുന്നു. തികച്ചും സന്തോഷം മാത്രം. വയോജനങ്ങൾക്ക് സന്തോഷവും മാനസിക ഉല്ലാസവും പകരുന്നതിനൊപ്പം പരസ്പര സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ പ്രേമ സുരേന്ദ്രൻ പറഞ്ഞു.
കണ്ണപുരത്ത് നിന്നും കണ്ണൂരിലേക്ക് യാത്ര പുറപ്പെടുമ്പോൾ ഓരോരുത്തരുടെ മനസ്സിലും കാഴ്ചകളുടെ മായാലോകം തന്നെ ഉണ്ടായിരുന്നു. പിന്നീട് ജെമിനി സർക്കസും കണ്ണൂർ കോട്ടയും പയ്യാമ്പലം ബീച്ചും എല്ലാം കുട്ടികളുടെ ആവേശത്തോടെ ആയിരുന്നു എല്ലാവരും കണ്ടുതീർത്തത്. യാത്രയുടെ ഓരോ ഘട്ടങ്ങളിലും സഹയാത്രികർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു നൽകാനും, മുന്നോട്ടേക്കുള്ള യാത്രയിലെ നിർദ്ദേശങ്ങൾ നൽകാനും മറന്നില്ല. പയ്യാമ്പലത്ത് എത്തി ശേഷം കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.ശശി വയോജനങ്ങളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
തിരികെ ബസ്സിലേക്ക് കയറുമ്പോൾ ഓരോരുത്തരുടെ മനസ്സിലും ഒരു കുട്ടിയുടെ സന്തോഷവും അതിരില്ലാത്ത ആഹ്ലാദവും ഉണ്ടായിരുന്നു. പല വഴികളിൽ നിന്നെത്തിയവർ ഒരു കുടുംബമായായിരുന്നു മടങ്ങിയത്. ഇനിയും ഒരുപാട് യാത്രകൾ പോകാനുള്ള ഊർജ്ജവുമായാണ് തിരികെ കണ്ണപുരത്തിന്റെ മണ്ണിലേക്ക് അവർ തിരിച്ചിറങ്ങിയത്. ക്ലബ് രക്ഷാധികാരി സുരേഷ് ബാബു, സെക്രട്ടറി കെ.പുരുഷോത്തമൻ, ട്രഷറർ പി.അജിത് ഭാരവാഹികളായ ജയചന്ദ്രൻ, കെ.രതീശൻ, പ്രസൂൺ ബാബു, പ്രഹ്ലാദ് തുടങ്ങിയവരാണ് സ്നേഹയാത്രയ്ക്ക് നേതൃത്വം നൽകിയത്.
