നവോത്ഥാനത്തിന്റെ പേര് പറഞ്ഞുള്ള മതിൽ കെട്ടൽ സമൂഹത്തിൽ ജാതീയ,വർഗ്ഗീയ വേർ തിരിവിന് വഴിവെക്കും : കെ സുരേന്ദ്രൻ
ചേലേരി : നവോത്ഥാനത്തിന്റെ പേരിൽ സി പി എം നടത്തുന്ന വനിതാ മതിൽ സമൂഹത്തിൽ ജാതീയ,വർഗ്ഗീയ വേർതിരിവിന് ആക്കം കൂട്ടാനെ വഴിവെക്കുകയുള്ളൂവെന്ന് ഡിസിസി മുൻ പ്രസിഡൻറ് കെ സുരേന്ദ്രൻ പ്രസ്ഥാവിച്ചു. കോൺഗ്രസ്സ് ജന്മദിനത്തോടനുബന്ധിച്ച് കൊളച്ചേരി, ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ മതിലിന്റെ പേരിൽ അമ്പത് കോടി ചെലവാക്കുമെന്ന് കോടതിയിൽ പറഞ്ഞ സർക്കാർ പിന്നീടുള്ള ദിവസങ്ങളിൽ പലതും മാറ്റി പറയുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഇത്തരം നിലപാടുകൾ സർക്കാറിന് നാണക്കേടാണെന്നും സി പി എം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്വീകരിച്ച നിലപാട് ബി ജെ പി ക്ക് ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ സംരക്ഷണ വിഷയത്തിൽ കോൺഗ്രസ്സിന് അന്നും ഇന്നും ഒരേ നിലപാടാണെന്നും നാട് ഭരിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും തന്ത്രിയുടെ പണിയാണ് എടുക്കുന്നതെന്നും ഇത് നാടിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിന് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം പി പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. കൊളച്ചേരി മണ്ഡലം പ്രസിഡന്റ് ബാലസുബ്രഹ്മണ്യം സ്വാഗതം ദളിത് കോൺ. ജില്ലാ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ നന്ദിയും പറഞ്ഞു.
വൈകിട്ട് അഞ്ച് മണിക്ക് കമ്പിലിൽ നിന്നും ആരംഭിച്ച പദയാത്ര കമ്പിൽ ടൗൺ വലം വച്ച് കൊളച്ചേരി മുക്ക് വഴി സഞ്ചരിച്ച് ചേലേരി മുക്കി സമാപിച്ചിരുന്നു. പദയാത്രയിൽ അമ്പതോളം പ്രവർത്തകർ പങ്കെടുത്തു. ബ്ലോക്ക് മണ്ഡലം കോൺഗ്രസ്സ് നേതാക്കൾ നേതൃത്വം നൽകി.